മികച്ച സ്കോറിലേക്ക് കുതിയ്ക്കുകയായിരുന്ന ആര്‍സിബിയ്ക്ക് അവസാന ഓവറുകളിൽ കാലിടറി

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

മാക്സ്വെല്ലിന്റെ വെടിക്കെട്ട് ഇന്നിംഗ്സിനൊപ്പം വിരാട് കോഹ്‍ലി തന്റെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ദ്ധ ശതകം നേടിയപ്പോള്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 165/6 എന്ന സ്കോര്‍ നേടി ആര്‍സിബി. പ്രതീക്ഷിച്ച പോലെ അവസാന ഓവറുകളിൽ ടീമിന് റൺസ് കണ്ടെത്താനാകാതെ പോയതാണ് ബാംഗ്ലൂരിന് 180ന് മേലെയുള്ള സ്കോര്‍ നഷ്ടമാക്കിയത്.

അവസാന രണ്ടോവര്‍ എറിഞ്ഞ ജസ്പ്രീത് ബുംറയും ട്രെന്റ് ബോള്‍ട്ടും വിട്ട് നല്‍കിയത് വെറും 9 റൺസാണ്. ഇതിൽ ബുംറ എറിഞ്ഞ ഓവറിൽ മാക്സ്വെല്ലും എബിഡിയും പുറത്താകുകയും ചെയ്തു.

Bumrahboult

രണ്ടാം ഓവറിൽ ദേവ്ദത്ത് പടിക്കലിനെ നഷ്ടമായ ആര്‍സിബിയ്ക്ക് പിന്നെ മത്സരത്തിൽ മികച്ച കൂട്ടുകെട്ടുകളാണ് ഉണ്ടായത്. ശ്രീകര്‍ ഭരത്(32) വിരാട് കോഹ്‍ലിയ്ക്കൊപ്പം രണ്ടാം വിക്കറ്റിൽ 68 റൺസ് നേടിയ ശേഷം മടങ്ങിയപ്പോള്‍ കോഹ്‍ലിയും മാക്സ്വെല്ലും 51 റൺസാണ് മൂന്നാം വിക്കറ്റിൽ നേടിയത്. 42 പന്തിൽ 51 റൺസ് നേടിയ കോഹ്‍ലി അര്‍ദ്ധ ശതകത്തിന് ശേഷം ഉടനെ മടങ്ങിയെങ്കിലും കൂട്ടായിയെത്തിയ എബിഡിയെ കാഴ്ചക്കാരനാക്കി മാക്സ്വെൽ മുംബൈ ബൗളര്‍മാരെ കണക്കിന് പ്രഹരിക്കുന്നതാണ് കണ്ടത്.

19ാം ഓവര്‍ എറിഞ്ഞ ജസ്പ്രീത് ബുംറ അടുത്തടുത്ത പന്തുകളിൽ മാക്സ്വെല്ലിനെയും(56), എബി ഡി വില്ലിയേഴ്സിനെയും പുറത്താക്കി മുംബൈയ്ക്ക് വലിയ ആശ്വാസമാണ് നല്‍കിയത്. 180ന് മേലെയുള്ള സ്കോറിലേക്ക് കുതിയ്ക്കുകയായിരുന്ന ആര്‍സിബിയ്ക്ക് അവസാന രണ്ടോവറിൽ 9 റൺസ് മാത്രമാണ് നേടാനായത്.

മത്സരത്തില്‍ ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ വെറും 17 റൺസ് വിട്ട് നല്‍കിയാണ് ബോള്‍ട്ട് ഒരു വിക്കറ്റ് നേടി തന്റെ സ്പെല്‍ അവസാനിപ്പിച്ചത്.