റോയിയുടെ വെടിക്കെട്ടിന് ശേഷം സൺറൈസേഴ്സിന്റെ വിജയം ഉറപ്പാക്കി കെയിന്‍ വില്യംസൺ

Jasonroy

ജേസൺ റോയിയുടെ വെടിക്കെട്ട് പ്രകടനത്തിന് ശേഷം ക്യാപ്റ്റന്‍ കൂള്‍ കെയിന്‍ വില്യംസണ്‍ അവസാനം വരെ ക്രീസിൽ നിലയറുപ്പിച്ച് മികച്ച ഇന്നിംഗ്സ് പുറത്തെടുത്തപ്പോള്‍ സൺറൈസേഴ്സിന് ഐപിഎലിലെ രണ്ടാം വിജയം. ഇന്ന് രാജസ്ഥാന്‍ നേടിയ 164/5 എന്ന സ്കോര്‍ 9 പന്ത് അവശേഷിക്കെ 3 വിക്കറ്റ് നഷ്ടത്തിലാണ് സൺറൈസേഴ്സ് മറികടന്നത്.

Kanewilliamson

വൃദ്ധിമന്‍ സാഹയും ജേസൺ റോയിയും നല്‍കിയ മികച്ച തുടക്കത്തിന്റെ ബലത്തിൽ പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 6 ഓവറിൽ 63 റൺസാണ് സൺറൈസേഴ്സ് നേടിയത്. ഇതിൽ തന്നെ 57 റൺസ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് നേടിയതാണ്.

പവര്‍പ്ലേയുടെ അവസാന ഓവറിൽ മഹിപാൽ ലോംറോര്‍ 18 റൺസ് നേടിയ സാഹയെ പുറത്താക്കിയാണ് രാജസ്ഥാന് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. രണ്ടാം വിക്കറ്റിൽ റോയിയും കെയിന്‍ വില്യംസണും ചേര്‍ന്ന് 57 റൺസ് കൂടി നേടി.

രാഹുല്‍ തെവാത്തിയ എറിഞ്ഞ 11ാം ഓവറിൽ ജേസൺ റോയ് ഉഗ്രരൂപം പൂണ്ടപ്പോള്‍ സൺറൈസേഴ്സ് മത്സരം സ്വന്തമാക്കുന്ന കാഴ്ചയാണ് കണ്ടത്. ഓവറിൽ നിന്ന് 21 റൺസാണ് വന്നത്. ഇതിനിടെ റോയിയുടെ ക്യാച്ച് ജൈസ്വാൽ കൈവിടുക കൂടി ചെയ്തതോടെ രാജസ്ഥാന് കാര്യങ്ങള്‍ ദുഷ്കരമായി.

Chetansakariya

ചേതന്‍ സക്കറിയയുടെ ആദ്യ ഓവറിൽ താരം ജേസൺ റോയിയെ പുറത്താക്കുമ്പോള്‍ 12 ഓവറിൽ 114/2 എന്ന നിലയിലായിരുന്നു സൺറൈസേഴ്സ്. 42 പന്തിൽ 60 റൺസാണ് ജേസൺ റോയി നേടിയത്. തൊട്ടടുത്ത ഓവറിൽ പ്രിയം ഗാര്‍ഗിന്റെ വിക്കറ്റും സൺറൈസേഴ്സിന് നഷ്ടമായി.

അവസാന 6 ഓവറിൽ 41 റൺസായിരുന്നു സൺറൈസേഴ്സിന് വിജയത്തിനായി നേടേണ്ടിയിരുന്നത്. അഭിഷേക് വര്‍മ്മയെ കൂട്ടുപിടിച്ച് കെയിന്‍ വില്യംസൺ ടീമിനെ 7 വിക്കറ്റ് വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 41 പന്തിൽ പുറത്താകാതെ 51 റൺസാണ് കെയിന്‍ വില്യംസൺ നേടിയത്. അഭിഷേക് വര്‍മ്മ 16 പന്തിൽ 21 റൺസ് നേടിയപ്പോള്‍ ഇവരുടെ കൂട്ടുകെട്ട് 48 റൺസാണ് നാലാം വിക്കറ്റിൽ നേടിയത്.

Previous articleഎക്സ്ട്രാ ടൈം വരെ നീണ്ടു നിന്ന മത്സരത്തിന് ഒടുവിൽ മൊഹമ്മദൻസ് ഫൈനലിൽ
Next articleഒന്നാം സ്ഥാനത്ത് എത്തിയില്ല, അവസാന നിമിഷം സമനില നേടി ബ്രൈറ്റൺ