സണ്‍റൈസേഴ്സിനു പണി കൊടുത്ത് ഹെറ്റ്മ്യറും ഗുര്‍കീരത്തും, ഹൈദ്രാബാദിന്റെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ക്ക് ഇനി തീരുമാനമാകുവാന്‍ അവസാന മത്സരം വരെ കാത്തിരിക്കണം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

20/3 എന്ന നിലയില്‍ ബാംഗ്ലൂരിനെ എറിഞ്ഞിട്ട ശേഷം സണ്‍റൈസേഴ്സ് ഹൈദ്രാബാദ് മത്സരം വിജയിച്ച് പ്ലേ ഓഫ് ഉറപ്പിയ്ക്കുമെന്ന കരുതിയ നിമിഷത്തില്‍ നിന്ന് അവിശ്വസനീയ തിരിച്ചുവരവ് നടത്തി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഷിമ്രണ്‍ ഹെറ്റ്മ്യര്‍-ഗുര്‍കീരത്ത് സിംഗ് മന്‍ കൂട്ടുകെട്ട് നാലാം വിക്കറ്റില്‍ നേടിയ 144 റണ്‍സാണ് സണ്‍റൈസേഴ്സിന്റെ പ്ലേ ഓഫ് സ്വപ്നങ്ങളെ തുലാസ്സിലാക്കിയത്. ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതിനു മുമ്പ് ഇരുവരും പുറത്തായതോടെ റോയല്‍ ചലഞ്ചേഴ്സ് പതറിയെങ്കിലും 4 പന്ത് അവശേഷിക്കെ ടീം ജയം സ്വന്തമാക്കി. ടൂര്‍ണ്ണമെന്റിന്റെ അവസാന മത്സരത്തില്‍ കൊല്‍ക്കത്ത മുംബൈയ്ക്കെതിരെ ജയം നേടിയാല്‍ സണ്‍റൈസേഴ്സ് പ്ലേ ഓഫിനര്‍ഹരല്ലാതെ പുറത്താകുമെന്നതാണ് ഈ ഫലം ടീമിനെ കൊണ്ടെത്തിച്ച ദുര്‍ഘടമായ അവസ്ഥ.

ആദ്യ മൂന്ന് വിക്കറ്റുകള്‍ പൊടുന്നനെ നഷ്ടമായെങ്കിലും ഷിമ്രണ്‍ ഹെറ്റ്മ്യറും ഗുര്‍കീരത്ത് സിംഗ് മന്നും ചേര്‍ന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ മത്സരത്തിലേക്ക് വീണ്ടും കൊണ്ടെത്തിയ്ക്കുകയായിരുന്നു. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 144 റണ്‍സാണ് നേടിയത്. ഷിമ്രണ്‍ ഹെറ്റ്മ്യര്‍ ആദ്യം മുതല്‍ അടിച്ച് തകര്‍ത്തപ്പോള്‍ മെല്ലെ തുടങ്ങിയ ഗുര്‍കീരത്ത് പിന്നീട് വേഗത കൂട്ടുകയായിരുന്നു.

നിര്‍ണ്ണായക ഘട്ടത്തില്‍ തന്റെ സ്കോര്‍ 60 റണ്‍സില്‍ നില്‍ക്കെ ഷിമ്രണ്‍ ഹെറ്റ്മ്യര്‍ നല്‍കിയ അനായാസ ക്യാച്ച് യൂസഫ് പത്താന്‍ കൈവിടുകയായിരുന്നു. അതിനു തൊട്ട് മുമ്പുള്ള പന്ത് ബൗണ്ടറിയില്‍ കടുപ്പമേറിയ അവസരം മനീഷ് പാണ്ടേ കളഞ്ഞപ്പോള്‍ പന്ത് സിക്സിലേക്ക് പോയി.

ബേസില്‍ തമ്പിയുടെ ഓവറില്‍ രണ്ട് ബൗണ്ടറിയടക്കം നേടി ഗുര്‍കീരത്ത് മന്നും രംഗത്തെത്തിയതോടെ അവസാന 5 ഓവറില്‍ 46 റണ്‍സായിരുന്നു വിജയിക്കുവാന്‍ വേണ്ടിയിരുന്നത്. 16ാം ഓവര്‍ എറിയാനെത്തിയ വിജയ് ശങ്കറെ തിരിഞ്ഞ് പിടിച്ച് ഗുര്‍കീരത്ത് ബൗണ്ടറികള്‍ പായിച്ചപ്പോള്‍ ഓവറില്‍ നിന്ന് വന്നത് 16 റണ്‍സായിരുന്നു. ഇതോടെ അവസാന നാലോവറില്‍ വെറും 30 റണ്‍സ് ജയത്തിനായി നേടിയാല്‍ മതിയെന്ന നിലയിലേക്ക് ബാംഗ്ലൂര്‍ എത്തി.

അടുത്ത ഓവര്‍ എറി‍ഞ്ഞ ഭുവനേശ്വര്‍ കുമാര്‍ വെറും അഞ്ച് റണ്‍സ് വിട്ട് നല്‍കിയാണ് തന്റെ നാലോവര്‍ സ്പെല്‍ 24 റണ്‍സിനു 2 വിക്കറ്റ് നേടി അവസാനിപ്പിച്ചത്. റഷീദ് ഖാന്‍ എറിഞ്ഞ 18ാം ഓവറിലെ ആദ്യ പന്ത് ഗുര്‍കീരത് സിക്സ് അടിച്ചപ്പോള്‍ മൂന്നാം പന്തില്‍ ഹെറ്റ്മ്യര്‍ സിക്സ് നേടി. അടുത്ത പന്തും സമാനമായ രീതിയില്‍ സിക്സര്‍ പറത്താന്‍ ശ്രമിച്ചുവെങ്കിലും വിജയ് ശങ്കര്‍ ലോംഗോഫില്‍ ഹെറ്റ്മ്യറെ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.

47 പന്തില്‍ നിന്നാണ് ഹെറ്റ്മ്യര്‍ 75 റണ്‍സ് നേടിയത്. 4 ഫോറും 6 സിക്സുമാണ് താരം നേടയിത്. താരം പുറത്താകുമ്പോള്‍ 12 റണ്‍സായിരുന്നു ടീമിനു ജയിക്കുവാന്‍ വേണ്ടിയിരുന്നത്. അടുത്ത ഓവറില്‍ ഖലീല്‍ അഹമ്മദ് ഗുര്‍കീരത്ത് മന്നിനെ പുറത്താക്കിയതോടെ മത്സരത്തില്‍ ആര്‍സിബി പതറുമെന്ന സ്ഥിതിയായി. 48 പന്തില്‍ നിന്ന് 65 റണ്‍സ് നേടിയ ഗുര്‍കീരത്ത് 8 ബൗണ്ടറിയും ഒരു സിക്സുമാണ് നേടിയത്.

അടുത്ത പന്തില്‍ വാഷിംഗ്ടണ്‍ സുന്ദറും പുറത്തായതോടെ ബാംഗ്ലൂരിന്റെ സാധ്യതകള്‍ ഇല്ലാതാകുന്നതാണ് പിന്നീട് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കണ്ടത്. അവസാന ഓവറില്‍ ജയിക്കുവാന്‍ റോയല്‍ ചലഞ്ചേഴ്സിനു 6 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. മുഹമ്മദ് നബി എറിഞ്ഞ അവസാന ഓവറിലെ ആദ്യ രണ്ട് പന്തുകളില്‍ ബൗണ്ടറി നേടി ഉമേഷ് യാദവ് മത്സരം വിജയിക്കുവാന്‍ റോയല്‍ ചലഞ്ചേഴ്സിനെ സഹായിച്ചു.