കളി മാറ്റി മറിച്ച് ആന്‍ഡ്രേ റസ്സല്‍, ആറ് വിക്കറ്റ് ജയം സ്വന്തമാക്കി നൈറ്റ് റൈഡേഴ്സ്

- Advertisement -

നിതീഷ് റാണയുടെ അര്‍ദ്ധ ശതകത്തിനു പിന്നാലെ വെടിക്കെട്ട് പ്രകടനവുമായി ആന്‍ഡ്രേ റസ്സല്‍ രംഗത്തെത്തിയപ്പോള്‍ വിജയം കൈക്കലാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. അവസാന മൂന്നോവറില്‍ ജയിക്കുവാന്‍ 53 റണ്‍സ് വേണ്ടയിടത്ത് നിന്ന് ലക്ഷ്യം ഒരോവറില്‍ 13 റണ്‍സായി ആന്‍ഡ്രേ റസ്സല്‍ മാറ്റി മറിക്കുകയായിരുന്നു.

സിദ്ധാര്‍ത്ഥ് കൗള്‍ എറിഞ്ഞ പതിനെട്ടാം ഓവറില്‍ 19 റണ്‍സും ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 21 റണ്‍സുമാണ് കൊല്‍ക്കത്തയ്ക്കായി റസ്സല്‍ നേടിയത്. അതില്‍ ഒരു റണ്‍സ് മാത്രം ശുഭ്മന്‍ ഗില്ലിന്റെ സംഭാവനയായിരുന്നു. അവസാന ഓവറില്‍ സിക്സര്‍ നേടി ഗില്ലും ഒപ്പം കൂടിയപ്പോള്‍ ലക്ഷ്യം അവസാന മൂന്ന് പന്തില്‍ മൂന്നായി മാറി. നാലാം പന്തിലും ഷാക്കിബിനെ സിക്സര്‍ പറത്തി ശുഭ്മന്‍ ഗില്‍ കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിച്ചു.

19 പന്തില്‍ 49 റണ്‍സ് നേടി ആന്‍ഡ്രേ റസ്സലും പത്ത് പന്തില്‍ 18 റണ്‍സ് നേടി ശുഭ്മന്‍ ഗില്ലും 25 പന്തില്‍ നിന്ന് 65 റണ്‍സ് നേടി അഞ്ചാം വിക്കറ്റില്‍ കൊല്‍ക്കത്തയെ രണ്ട് പന്ത് അവശേഷിക്കെ 6 വിക്കറ്റ് ജയത്തിലേക്ക് നയിക്കുകകയായിരുന്നു. നേരത്തെ നിതീഷ് റാണയുടെ അര്‍ദ്ധ ശതകമാണ് കൊല്‍ക്കത്തയുടെ അടിത്തറയായി മാറിയത്. 47 പന്തില്‍ നിന്ന് റാണ 68 റണ്‍സ് നേടുകയായിരുന്നു. റോബിന്‍ ഉത്തപ്പ 35 റണ്‍സ് നേടി.

മത്സരത്തില്‍ ഇടയ്ക്ക് ഫ്ലെഡ് ലൈറ്റുകള്‍ കണ്ണടച്ച ശേഷം കളി പുനരാരംഭിച്ചപ്പോളാണ് റാണയുടെ വിക്കറ്റ് കൊല്‍ക്കത്തയ്ക്ക് നഷ്ടമായത്.

Advertisement