സല്യൂട്ട് ചെന്നൈ, അമ്പാട്ടി റായിഡുവിന്റെയും ധോണിയുടെയും പ്രകടനത്തിനു ശേഷം വിജയം കുറിച്ച് മിച്ചല്‍ സാന്റനര്‍

- Advertisement -

അവസാനം വരെ പൊരുതിയെങ്കിലും ധോണിയ്ക്കും റായിഡുവിനും മുന്നില്‍ മുട്ടുകുത്തി രാജസ്ഥാന്‍ റോയല്‍സ്. അവസാന ഓവറില്‍ 18 റണ്‍സ് നേടേണ്ടിയിരുന്ന ചെന്നൈയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജ ആദ്യ ബോള്‍ സിക്സ് അടിച്ചപ്പോള്‍ ബെന്‍ സ്റ്റോക്സ് തന്റെ രണ്ടാം പന്ത് നോബോളും എറിഞ്ഞതോടെ മത്സരം ചെന്നൈയ്ക്ക് അനുകൂലമായി മാറി. ഫ്രീ ഹിറ്റില്‍ വലിയ ഷോട്ടുതിര്‍ക്കാനായില്ലെങ്കില്‍ രണ്ട് റണ്‍സ് നേടിയെങ്കിലും മൂന്നാം പന്തില്‍ സ്റ്റോക്സ് ധോണിയെ ബൗള്‍ഡാക്കിയതോടെ മത്സരത്തില്‍ രാജസ്ഥാന്‍ ആരാധകര്‍ക്ക് ആഹ്ലാദ നിമിഷങ്ങളായി മാറി. അവസാന പന്തില്‍ ലക്ഷ്യം നാലാക്കി മാറ്റിയ ശേഷം ബെന്‍ സ്റ്റോക്സ് അവസാന പന്ത് വൈഡെറിഞ്ഞതോടെ ലക്ഷ്യം അവസാന പന്തില്‍ മൂന്ന് റണ്‍സായി മാറി. അവസാന പന്ത് സിക്സടിച്ച് സാന്റനര്‍ കളി ചെന്നൈയെ 4 വിക്കറ്റിനു വിജയിപ്പിച്ചു. അഞ്ചാം വിക്കറ്റില്‍ 95 റണ്‍സായിരുന്നു റായിഡു-ധോണി കൂട്ടുകെട്ട് നേടിയത്. മത്സരത്തിലെ ഏറെ നിര്‍ണ്ണായക ഘട്ടത്തില്‍ ഒപ്പം കൂടിയ സഖ്യം ടീമിന്റെ ജയത്തിനുള്ള അടിത്തറ തന്നെ ഈ കൂട്ടുകെട്ടായിരുന്നു.

ആദ്യ ഓവറില്‍ ഷെയിന്‍ വാട്സണെ ധവാല്‍ കുല്‍ക്കര്‍ണ്ണി പുറത്താക്കിയപ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് പോലും വന്നിട്ടില്ലായിരുന്നു. രണ്ടാമത്തെ ഓവറില്‍ മികച്ചൊരു ഡയറക്ട് ത്രോയിലൂടെ ജോഫ്ര ആര്‍ച്ചര്‍ സുരേഷ് റെയ്‍നയെ റണ്ണൗട്ടാക്കിയപ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ അഞ്ച് റണ്‍സ്. ഫാഫ് ഡു പ്ലെസിയെ നാലാം ഓവറില്‍ മികച്ചൊരു ക്യാച്ചിലൂടെ രാഹുല്‍ ത്രിപാഠി പുറത്താക്കിയപ്പോള്‍ ജയ്ദേവ് ഉനഡ്കട് തന്റെ ആദ്യ വിക്കറ്റ് നേടി. പവര്‍ പ്ലേ അവസാനിക്കാറായപ്പോള്‍ അവിശ്വസനീയമായ ഒരു ക്യാച്ചിലൂടെ കേധാര്‍ ജാഥവിനെ ബെന്‍ സ്റ്റോക്സ് പുറത്താക്കിയപ്പോള്‍ മത്സരം ഏറെക്കുറെ രാജസ്ഥാന്‍ ഉറപ്പിച്ചതായിരുന്നു. കേധാറിന്റെ വിക്കറ്റ് ജോഫ്ര ആര്‍ച്ചര്‍ക്കായിരുന്നു. 43 പന്തില്‍ നിന്ന് 58 റണ്‍സാണ് എംഎസ് ധോണി നേടിയത്.

പവര്‍പ്ലേയിലെ തകര്‍പ്പന്‍ ബൗളിംഗും ഒപ്പം മികവുറ്റ ഫീല്‍ഡിംഗും രാജസ്ഥാന്‍ റോയല്‍സിനു മത്സരത്തില്‍ ആധിപത്യം നല്‍കിയെങ്കിലും എംഎസ് ധോമി ക്രീസിലെത്തിയതോടെ സ്ഥിതിഗതികള്‍ മാറി മറിയുന്ന കാഴ്ചയാണ് ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ കാണികള്‍ക്ക് കാണാനായത്. റയാന്‍ പരാഗിനെയും ശ്രേയസ്സ് ഗോപാലിനെയും സിക്സറുകള്‍ പറത്തി ധോണിയും ഒപ്പം സിംഗിളുകള്‍ നേടി അമ്പാട്ടി റായിഡുവും ചെന്നൈയെ 64/4 എന്ന നിലയിലേക്ക് എത്തിച്ചു. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 24/4 എന്ന നിലയിലേക്ക് വീണ ശേഷമാണ് ചെന്നൈയുടെ തിരിച്ചുവരവ്.

റണ്‍റേറ്റ് പത്തിനു മുകളില്‍ പോയ ശേഷം എല്ലാ ഓവറിലും ഒരു സിക്സും പിന്നെ സിംഗിളുകളും നേടി സ്കോറിംഗ് ചലിപ്പിക്കുവാനും റണ്‍റേറ്റ് വരുതിയില്‍ നിര്‍ത്തുവാനും ചെന്നൈയുടെ അഞ്ചാം  വിക്കറ്റ് കൂട്ടുകെട്ടിനു സാധിച്ചിരുന്നു. മത്സരം അവസാന ആറോവറിലേക്ക് കടന്നപ്പോള്‍ 64 റണ്‍സായിരുന്നു ചെന്നൈയുടെ ലക്ഷ്യം.

ഇന്നിംഗ്സിന്റെ 15ാം ഓവറില്‍ നിന്ന് ജയ്ദേവ് ഉനഡ്കടിനെ ഒരു സിക്സും ബൗണ്ടറിയും നേടി അമ്പാട്ടി റായിഡു തന്റെ അര്‍ദ്ധ ശതകം തികച്ചു. 41 പന്തില്‍ നിന്നായിരുന്നു റായിഡുവിന്റെ അര്‍ദ്ധ ശതകം. ശ്രേയസ്സ് ഗോപാല്‍ എറിഞ്ഞ 16ാം ഓവറില്‍ അഞ്ച് റണ്‍സ് മാത്രം ചെന്നൈ നേടിയപ്പോള്‍ ലക്ഷ്യം 4 ഓവറില്‍ 46 റണ്‍സായി മാറി. ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ പതിനേഴാം ഓവറിലും ചെന്നൈയ്ക്ക് 7 റണ്‍സ് മാത്രമേ നേടാനായുള്ളു. ഇതോടെ അവസാന മൂന്നോവറിലെ വിജയലക്ഷ്യം 13 ആയി മാറി. എന്നാലും ധോണിയും റായിഡുവും ക്രീസില്‍ നില്‍ക്കുമ്പോള്‍ അത് അപ്രാപ്യമായിരുന്നില്ല.

സ്റ്റോക്സ് എറിഞ്ഞ 18ാം ഓവറില്‍ 9 റണ്‍സ് നേടിയെങ്കിലും റായിഡുവിന്റെ നിര്‍ണ്ണായക വിക്കറ്റ് ചെന്നൈയ്ക്ക് നഷ്ടമായി. 47 പന്തില്‍ നിന്ന് 57 റണ്‍സ് നേടിയ റായിഡു രണ്ട് ഫോറും മൂന്ന് സിക്സുമാണ് തന്റെ ഇന്നിംഗ്സില്‍ നേടിയത്. ലക്ഷ്യം രണ്ടോവറില്‍ 30 റണ്‍സുള്ളപ്പോള്‍ ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ 19ാം ഓവറില്‍ വലിയ അടികളൊന്നും വന്നില്ലെങ്കിലും സിംഗിളുകളും ഡബിളും അവസാന പന്തില്‍ ബൗണ്ടറിയും നേടി 12 റണ്‍സ് ചെന്നൈ നേടി. ഇതിനിടെ ധോണി 39 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം നേടി.

അവസാന ഓവറില്‍ എംഎസ് ധോണിയെ പുറത്താക്കിയെങ്കിലും ആദ്യ പന്തില്‍ രവീന്ദ്ര ജഡേജയും അവസാന പന്തില്‍ മിച്ചല്‍ സാന്റനറും അടിച്ച സിക്സുകള്‍ക്കൊപ്പം നോബോളും വൈഡുകളും എറിഞ്ഞ് ബെന്‍ സ്റ്റോക്സും ചെന്നൈയ്ക്ക് വിജയത്തിനു വേണ്ട സഹായങ്ങള്‍ ചെയ്ത് നല്‍കുകയായിരുന്നു.

രാജസ്ഥാന്‍ നിരയില്‍ ജോഫ്ര ആര്‍ച്ചര്‍ 4 ഓവറില്‍ 19 റണ്‍സ് മാത്രം വിട്ട് നല്‍കി 1 വിക്കറ്റ് നേടിയത്. ബെന്‍ സ്റ്റോക്സ് 2 വിക്കറ്റ് നേടിയെങ്കിലും അവസാന ഓവറിലെ 18 റണ്‍സ് അടക്കം 39 റണ്‍സാണ് വഴങ്ങിയത്. ധവാല്‍ കുല്‍ക്കര്‍ണ്ണി മൂന്നോവറില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 14 റണ്‍സ് മാത്രം വിട്ട് നല്‍കി ഒരു വിക്കറ്റ് നേടി.

Advertisement