ഫോമിലേക്കുയര്‍ന്ന് വാട്സണ്‍-ഫാഫ് കൂട്ടുകെട്ട്, ഫൈനലില്‍ ഇനി മുംബൈ എതിരാളികള്‍

- Advertisement -

ഫാഫ് ഡു പ്ലെസിയും ഷെയിന്‍ വാട്സണും ഫോമിലേക്കുയര്‍ന്ന മത്സരത്തില്‍ ഡല്‍ഹിയുടെ 147 റണ്‍സെന്ന സ്കോര്‍ 19 ഓവറില്‍ 4 വിക്കറ്റുകളുടെ നഷ്ടത്തില്‍ മറികടന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ്. പവര്‍പ്ലേയില്‍ മെല്ലെ തുടങ്ങിയ ശേഷം പവര്‍പ്ലേയിലെ അവസാന ഓവറില്‍ ഇഷാന്ത് ശര്‍മ്മയ്ക്കെതിരെ 15 റണ്‍സ് നേടിയ ഫാഫ് പിന്നീട് സ്കോറിംഗ് അതിവേഗത്തിലാക്കുകയായിരുന്നു. 39 പന്തില്‍ നിന്ന് 50 റണ്‍സ് നേടിയ ഫാഫ് ഡു പ്ലെസി തന്റെ അര്‍ദ്ധ ശതകം തികച്ചയുടനെ പുറത്തായെങ്കിലും ഒന്നാം വിക്കറ്റില്‍ 81 റണ്‍സ് തികച്ച ശേഷം മാത്രമാണ് കൂട്ടുകെട്ടിനെ തകര്‍ക്കുവാന്‍ ഡല്‍ഹിയ്ക്ക് സാധിച്ചത്.

ഫാഫ് പുറത്തായ ശേഷം ഷെയിന്‍ വാട്സണും വേഗത്തില്‍ സ്കോറിംഗ് ആരംഭിച്ചപ്പോള്‍ ചെന്നൈയ്ക്ക് കാര്യങ്ങള്‍ എളുപ്പമായി. കീമോ പോള്‍ എറിഞ്ഞ 12ാം ഓവറില്‍ മൂന്ന് സിക്സും ഒരു ബൗണ്ടറിയും അടക്കം 25 റണ്‍സാണ് ചെന്നൈ നേടിയത്. ഇതില്‍ 24 റണ്‍സും വാട്സണ്‍ നേടിയതായിരുന്നു. ആദ്യ 20 പന്തില്‍ വെറും 18 റണ്‍സ് നേടിയ വാട്സണ്‍ പിന്നീട് 31 പന്തില്‍ തന്റെ അര്‍ദ്ധ ശതകം തികയ്ക്കുകയായിരുന്നു. എന്നാല്‍ ഫാഫ് ഡു പ്ലെസിയെ പോല തന്റെ അര്‍ദ്ധ ശതകം തികച്ചുടന്‍ വാട്സണും മടങ്ങുകയായിരുന്നു.

ഇരുവരും പുറത്തായ ശേഷം സുരേഷ് റെയ്നയും എംഎസ് ധോണിയെയും ചെന്നൈയ്ക്ക് നഷ്ടമായെങ്കിലും അമ്പാട്ടി റായിഡു നേടിയ 20 റണ്‍സിന്റെ ബലത്തില്‍ ചെന്നൈ 6 വിക്കറ്റ് വിജയവുമായി ഫൈനലിലേക്ക് കടന്നു. ഇത് എട്ടാം തവണയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഐപിഎല്‍ ഫൈനലിലേക്ക് എത്തുന്നത്.

Advertisement