ബുംറയാണ് ഇപ്പോഴത്തെ ഏറ്റവും മികച്ച ബൗളറെന്ന് സച്ചിൻ

ഇപ്പോൾ ലോകത്ത് നിലവിലുള്ള ബൗളർമാരിൽ ഏറ്റവും മികച്ചവൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ഐ.പി.എൽ ഫൈനലിൽ ബുംറ പുറത്തെടുത്ത മികച്ച പ്രകടനത്തിന് പിന്നാലെയാണ് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം നിലവിലെ ഏറ്റവും മികച്ച ബൗളർ ബുംറയാണെന്ന് പറഞ്ഞത്. നിലവിൽ ബുംറയെക്കാൾ മികച്ച ബൗളർ ലോക ക്രിക്കറ്റിൽ ഇല്ലെന്നും ലോകകപ്പിൽ ഇതിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ ബുംറക്ക് കഴിയട്ടെ എന്നും സച്ചിൻ പറഞ്ഞു.

ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ബുംറ 4 ഓവറിൽ വെറും 12 റൺസ് വഴങ്ങി 2 വിക്കറ്റ് എടുത്തിരുന്നു. അവസാന ഓവറുകളിൽ മറ്റു ബൗളർമാർ യഥേഷ്ടം റൺസ് വിട്ടു കൊടുത്തപ്പോൾ ബുംറയാണ് ചെന്നൈ ബാറ്റിംഗ് നിരയെ പിടിച്ചു കെട്ടിയത്. മത്സരത്തിൽ 17മത്തെയും 19മത്തെയും ഓവറുകൾ എറിഞ്ഞ ബുംറ വെറും നാലും ഒൻപതും റൺസും വീതമാണ് വിട്ടു നൽകിയത്. മാത്രമല്ല 19മത്തെ ഓവറിൽ ഒരു വിക്കറ്റ് ബുംറ വീഴ്ത്തിയിരുന്നു.