അവിസ്മരണീയ സ്പെല്ലുമായി ജോഫ്ര ആര്‍ച്ചര്‍, രാഹുലിന്റെയും മില്ലറുടെയും അശ്വിന്റെയും മികവില്‍ 182 റണ്‍സ് നേടി പഞ്ചാബ്

- Advertisement -

ലോകേഷ് രാഹുലിന്റെയും ഡേവിഡ് മില്ലറുടെയും മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തില്‍ 182 റണ്‍സ് നേടി കിംഗ്സ് ഇലവന്‍ പഞ്ചാബ്. എന്നാല്‍ ഇരുവരും പുറത്തായ ശേഷം റണ്‍സ് കണ്ടെത്തുവാന്‍ കിംഗ്സ് ഇലവനു സാധിക്കാതെ പോയപ്പോള്‍ ടീം 6 വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു. ജോഫ്ര ആര്‍ച്ചറാണ് രാജസ്ഥാന്‍ ബൗളര്‍മാരിലെ സൂപ്പര്‍ താരം. അവസാന ഓവറില്‍ നേടിയ 18 റണ്‍സാണ് ടീമിനെ 182 റണ്‍സിലേക്ക് എത്തിച്ചത്. ഇതില്‍ നാല് പന്തില്‍ നിന്ന് 17 റണ്‍സുമായി അശ്വിന്‍ നിര്‍ണ്ണായക ബാറ്റിംഗ് പ്രകടനം പുറത്തെടുത്തു.

Credits: @IPL

ക്രിസ് ഗെയിലും കെഎല്‍ രാഹുലും കൂടി ഒന്നാം വിക്കറ്റില്‍ 5.4 ഓവറില്‍ നിന്ന് 38 റണ്‍സ് മാത്രമേ നേടിയുള്ളു. ഗെയില്‍ 22 പന്തില്‍ നിന്ന് 30 റണ്‍സ് നേടിയപ്പോള്‍ റണ്‍സ് കണ്ടെത്തുവാന്‍ രാഹുല്‍ ബുദ്ധിമുട്ടുന്നതാണ് മൊഹാലിയിലെ കാണികള്‍ക്ക് കാണാനായത്.

ഗെയിലിനെ ജോഫ്ര ആര്‍ച്ചര്‍ പുറത്താക്കിയപ്പോള്‍ പകരം എത്തിയ മയാംഗ് അഗര്‍വാലും അതിവേഗമാണ് സ്കോറിംഗ് നടത്തിയത്. എന്നാല്‍ ഇഷ് സോധിയെ അതിര്‍ത്തി കടത്തുവാനുള്ള ശ്രമത്തിനിടെ ജോഫ്ര ആര്‍ച്ചര്‍ പിടിച്ച് പുറത്താകുമ്പോള്‍ അഗര്‍വാല്‍ 12 പന്തില്‍ നിന്ന് 2 സിക്സ് അടക്കം 26 റണ്‍സാണ് നേടിയത്. രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിലും രാഹുല്‍ കാഴ്ചക്കാരനായി നില്‍ക്കുകയായിരുന്നു. 39 റണ്‍സാണ് മയാംഗ്-രാഹുല്‍ കൂട്ടുകെട്ട് രണ്ടാം വിക്കറ്റില്‍ നേടിയത്.

52 റണ്‍സ് നേടിയ കെഎല്‍ രാഹുലിന്റെ തുടക്കം മെല്ലെയായിരുന്നുവെങ്കിലും മൂന്നാം വിക്കറ്റില്‍ ഡേവിഡ് മില്ലറുമായി നേടിയ 85 റണ്‍സിന്റെ കൂട്ടുകെട്ട് പഞ്ചാബ് ഇന്നിംഗ്സില്‍ ഏറെ വ്യത്യാസം കൊണ്ടുവരികയായിരുന്നു. ഇഷ് സോധി എറിഞ്ഞ 14ാം ഓവറില്‍ 19 റണ്‍സ് നേടിയ രാഹുല്‍ – മില്ലര്‍ കൂട്ടുകെട്ട് ടീമിന്റെ സ്കോര്‍ നൂറ് കടത്തുകയായിരുന്നു. ജയ്ദേവ് ഉനഡ്കട് എറിഞ്ഞ 15ാം ഓവറില്‍ 20 റണ്‍സ് നേടിയപ്പോള്‍ പഞ്ചാബിന്റെ സ്കോര്‍ 136/2 എന്ന നിലയിലേക്കായി.

ഇതിനു ശേഷം 17ാം ഓവറില്‍ ജോഫ്ര ആര്‍ച്ചര്‍ ഡേവിഡ് മില്ലറുടെ കുറ്റി തെറിപ്പിച്ചുവെങ്കിലും ലൈന്‍ നോബോള്‍ കാരണം മില്ലര്‍ക്ക് ഒരവസരം കൂടി ലഭിച്ചു. ഇതിനിടെ 52 റണ്‍സ് നേടിയ ജയ്ദേവ് ഉനഡ്കട് പുറത്താക്കുകയായിരുന്നു. 47 പന്തില്‍ നിന്നാണ് 3 ബൗണ്ടറിയും 2 സിക്സും സഹിതം ലോകേഷ് രാഹുല്‍ തന്റെ 52 റണ്‍സ് നേടിയത്.

19ാം ഓവറില്‍ നിക്കോളസ് പൂരനെയും മന്ദീപ് സിംഗിനെയും പുറത്താക്കി ജോഫ്ര ആര്‍ച്ചര്‍ രാജസ്ഥാന്‍ ബൗളര്‍മാരില്‍ വേറിട്ട് നിന്നു. 4 ഓവറില്‍ 15 റണ്‍സ് വിട്ട് നല്‍കിയാണ് ജോഫ്ര ആര്‍ച്ചര്‍ മൂന്ന് വിക്കറ്റ് നേടിയത്. അവസാന ഓവറിലെ ആദ്യ പന്തില്‍ വലിയ അടിയ്ക്ക് ശ്രമിച്ച് ഡേവിഡ് മില്ലറും പുറത്താകുമ്പോള്‍ താരം 27 പന്തില്‍ നിന്ന് 40 റണ്‍സാണ് നേടിയത്. ധവാല്‍ കുല്‍ക്കര്‍ണ്ണിയ്ക്കായിരുന്നു വിക്കറ്റ്. 2 ഫോറും 2 സിക്സും ഡേവിഡ് മില്ലര്‍ നേടി.

അവസാന അഞ്ചോവറില്‍ നിന്ന് 48 റണ്‍സ് നേടുവാന്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനായി. 15ാം ഓവറിനു ശേഷം വലിയ ഷോട്ടുകള്‍ പിറന്ന ഓവറുകള്‍ കുറവായിരുന്നുവെങ്കിലും അശ്വിന്‍ നേടിയ രണ്ട് സിക്സും ഒരു ഫോറും നേടിയ അശ്വിന്റെ 4 പന്തില്‍ നിന്നുള്ള 17 റണ്‍സ് മത്സരത്തില്‍ ഈ സീസണില്‍ മൊഹാലിയിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടുവാന്‍ പഞ്ചാബിനെ സഹായിച്ചു.

Advertisement