ഹാട്രിക്ക് നഷ്ടമായതില്‍ സങ്കടമുണ്ടായിരുന്നു, ട്രെന്റ് ബോള്‍ട്ടിനെ താന്‍ അസഭ്യം പറഞ്ഞു

ഐപിഎലില്‍ ഹാട്രിക്ക് നേടുകയെന്നത് ശീലമാക്കിയ താരമാണ് അമിത് മിശ്ര. ഐപിഎലില്‍ മൂന്ന് ഹാട്രിക്ക് നേട്ടം സ്വന്തമാക്കിയ താരത്തിനു ഇന്നലെ നാലാമത്തെ ഹാട്രിക്ക് നേടുവാനുള്ള അവസരമുണ്ടായിരുന്നു. ശ്രേയസ്സ് ഗോപാലിനെയും സ്റ്റുവര്‍ട് ബിന്നിയെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കിയ അമിത് മിശ്ര അടുത്ത പന്തില്‍ കൃഷ്ണപ്പ ഗൗതമില്‍ നിന്നും ഒരു അവസരം സൃഷ്ടിച്ചെടുത്തുവെങ്കിലും ട്രെന്റ് ബോള്‍ട്ട് ആ ആവസരം നഷ്ടപ്പെടുത്തി താരത്തിന്റെ ഐപിഎലിലെ നാലാം ഹാട്രിക്ക് എന്ന കാര്യം നഷ്ടപ്പെടുത്തുകയായിരുന്നു.

ഹാട്രിക്ക് നഷ്ടമായതില്‍ തനിക്ക് സങ്കടുണ്ടായിരുന്നുവെന്നും താന്‍ അതിനു ശേഷം ട്രെന്റ് ബോള്‍ട്ടിനെ അസഭ്യം പറഞ്ഞുവെന്നും അമിത് മിശ്ര മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കിയ ശേഷം സംസാരിക്കവേ പറഞ്ഞു. അതൊരു അനായാസ ക്യാച്ചായിരുന്നുവെന്നും താന്‍ എന്തിനാണ് വെറുതേ ചാടിയതെന്നുമാണ് ചോദിച്ചതെന്നും ചിരിച്ച് കൊണ്ട് അമിത് മിശ്ര പറഞ്ഞു.

തന്റെ നാലോവറില്‍ 17 റണ്‍സിനാണ് മൂന്ന് വിക്കറ്റ് താരം നേടിയത്. ഇംഗ്ലീഷിലാണ് താന്‍ അല്പം ചീത്ത ബോള്‍ട്ടിനെ പറഞ്ഞതെന്നും താരം മൂന്ന് നാല് തവണ തന്നോട് ക്ഷമ ചോദിച്ചുവെന്നും അമിത് മിശ്ര കൂട്ടിചേര്‍ത്തു.