ശ്രീലങ്കയെ എറിഞ്ഞിട്ടു, ന്യൂസിലാൻഡിന് ഇന്നിംഗ്സ് ജയം

Staff Reporter

ശ്രീലങ്കയെ ഒരു ഇന്നിങ്സിനും 65 റൺസിനും തോൽപ്പിച്ച് ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര സമനിലയിലാക്കി ന്യൂസിലാൻഡ്. ആദ്യ ടെസ്റ്റിൽ ശ്രീലങ്ക 6 വിക്കറ്റിന് ജയിച്ചിരുന്നു. ഇതോടെ പരമ്പര 1-1ന് സമനിലയിൽ അവസാനിച്ചു. ഒന്നാം ഇന്നിങ്സിൽ 187 റൺസിന്റെ കൂറ്റൻ ലീഡാണ് ന്യൂസിലാൻഡ് നേടിയത്. തുടർന്ന് വലിയ ലക്‌ഷ്യം മുൻപിൽ കണ്ട് ഇറങ്ങിയ ശ്രീലങ്കയുടെ രണ്ടാം ഇന്നിംഗ്സ് വെറും 122 റൺസിൽ അവസാനിക്കുകയായിരുന്നു.

നേരത്തെ ശ്രീലങ്കയുടെ ആദ്യ ഇന്നിംഗ്സ് സ്കോറായ 244 മറുപടിയായി ഒന്നാം ഇന്നിങ്സിൽ ബാറ്റിംഗ് ആരംഭിച്ച ന്യൂസിലാൻഡ് ടോം ലാതമിന്റെയും വാട്‍ലിങ്ങിന്റെയും സെഞ്ചുറികളുടെ പിൻബലത്തിൽ 6 വിക്കറ്റ് നഷ്ടത്തിൽ 431 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. തുടർന്ന് രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ശ്രീലങ്ക ഒന്ന് പൊരുതി നോക്കുകപോലും ചെയ്യാതെ 122 റൺസിന്‌ എല്ലാരും പുറത്താവുകയായിരുന്നു. 51 റൺസ് എടുത്ത ഡിക്ക്വെല്ല മാത്രമാണ് ശ്രീലങ്കൻ നിരയിൽ കുറച്ചെങ്കിലും ചെറുത്ത്നിന്നത്.

ന്യൂസിലാൻഡിനു വേണ്ടി ബോൾട്ട്, സൗത്തീ, പട്ടേൽ, സോമെർവില്ലേ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.