ടീമിന്റെ ഏറ്റവും വലിയ പ്രതിസന്ധി ഫാസ്റ്റ് ബൗളര്‍മാരുടെ പരിക്ക് – വാല്‍ഷ്

ബംഗ്ലാദേശിന്റെ മൂന്ന് പേസര്‍മാര്‍ക്കും ചെറിയ തോതില്‍ പരിക്ക് അലട്ടുന്നുണ്ടെന്നും അതാണ് ടീമിന്റെ ഏറ്റവും വലിയ പ്രതിസന്ധിയുമെന്ന് പറഞ്ഞ് ടീമിന്റെ ബൗളിംഗ് കോച്ച് കോര്‍ട്നി വാല്‍ഷ്. മേയ് 30നു ആരംഭിയ്ക്കുന്ന ലോകകപ്പില്‍ മുസ്തഫിസുര്‍ റഹ്മാന്‍, മുഹമ്മദ് സൈഫുദ്ദീന്‍, റൂബല്‍ ഹൊസൈന്‍ എന്നിവര്‍ക്കാണ് പരിക്കിന്റെ പ്രശ്നമുള്ളത്. അത്ര തീവ്രമല്ലെങ്കിലും താരങ്ങളുടെ പ്രകടനത്തെ അലട്ടുന്ന പരിക്കാണിത്.

ഈ താരങ്ങള്‍ പൂര്‍ണ്ണാരോഗ്യവാന്മാരാക്കുക എന്നതാണ് തങ്ങളുടെ പ്രാഥമിക ലക്ഷ്യമെന്നാണ് വാല്‍ഷ് പറഞ്ഞത്. ധാക്ക പ്രീമിയര്‍ ലീഗിനിടെയാണ് മുസ്തഫിസുറിനു പരിക്കേറ്റത്. പരിക്ക് മൂലം റൂബല്‍ ഹൊസൈന് ധാക്ക പ്രീമിയര്‍ ലീഗ് തന്നെ കളിയ്ക്കാനായിരുന്നില്ല. അതേ സമയം ഓള്‍റൗണ്ടര്‍ സൈഫുദ്ദീന്റെ പരിക്ക് ടെന്നീസ് എല്‍ബോ ആണ്.

ബംഗ്ലാദേശിന്റെ അയര്‍ലണ്ട് പരമ്പരയിലേക്കുള്ള പരിശീലനം ആരംഭിച്ചുവെങ്കിലും അതില്‍ മേല്‍പ്പറഞ്ഞ മൂന്ന് താരങ്ങള്‍ക്കൊപ്പം തമീം ഇക്ബാലും മഹമ്മദുള്ളയും മാത്രമാണ് എത്തിയിട്ടുള്ളത്. ബാക്കി താരങ്ങള്‍ ഡിപിഎലിലും ഷാക്കിബ് അല്‍ ഹസന്‍ ഐപിഎലിലും പങ്കെടുത്തുകൊണ്ടിരിക്കുകയാണ്.