ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഏപ്രിൽ 15ന് പ്രഖ്യാപിക്കും

- Advertisement -

ഇംഗ്ലണ്ടിലും വെയ്ൽസിലുമായി നടക്കുന്ന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഏപ്രിൽ 15ന് മുംബൈയിൽ വെച്ച് പ്രഖ്യാപിക്കും. ടീമിനെ പ്രഖ്യാപിക്കുന്ന മീറ്റിംഗിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും പങ്കെടുക്കും. 15 അംഗ സ്‌ക്വാഡിനെയാണ് ഇന്ത്യ പ്രഖ്യാപിക്കുക. മെയ് 30ന് ആരംഭിക്കുന്ന ടൂർണമെന്റിന് ഏപ്രിൽ 23ന് മുൻപ് തന്നെ ഐ.സി.സിക്ക് ടീം അംഗങ്ങളുടെ പട്ടിക സമർപ്പിക്കണം.

ഓസ്ട്രലിയക്കെതിരായ ഏകദിന പരമ്പരയിൽ കളിച്ച ടീമിൽ നിന്ന് കൂടുതൽ മാറ്റങ്ങൾ ഉണ്ടാവില്ലെന്ന് നേരത്തെ തന്നെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി വ്യക്തമാക്കിയിരുന്നു. ഐ.പി.എല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ആർക്കും ടീമിൽ നഷ്ടമാവില്ലെന്നും ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞിരുന്നു. ഇന്ത്യൻ ടീമിൽ നാലാം സ്ഥാനത്ത് ആര് കളിക്കും എന്നതിൽ ഒഴികെ മറ്റു സ്ഥാനങ്ങളിൽ എല്ലാം ഇന്ത്യ താരങ്ങളെ കണ്ടെത്തിയിട്ടുണ്ട്.  ഓസ്ട്രലിയക്കെതിരായ ഏകദിന പരമ്പരയിൽ ആദ്യ രണ്ടു മത്സരങ്ങൾ ജയിച്ചതിനു ശേഷം ഇന്ത്യ 3-2ന് പരമ്പര തോറ്റിരുന്നു.

മെയ് 30ന് തുടങ്ങുന്ന ലോകകപ്പിന്റെ ഫൈനൽ ജൂലൈ 14നാണ് നടക്കുക. ആതിഥേയരായ ഇംഗ്ലണ്ടും ഇന്ത്യയുമാണ് ലോകകപ്പിൽ കിരീടം നേടാൻ സാധ്യത കല്പിക്കപ്പെടുന്ന രണ്ടു ടീമുകൾ. ഇന്ത്യയുടെ ആദ്യ മത്സരം ജൂൺ 5ന് സൗത്ത് ആഫ്രിക്കക്കെതിരെയാണ്.

 

Advertisement