
ഋഷഭ് പന്തിന് വേണ്ടി ഹോംവര്‍ക്ക് ചെയ്തെത്തിയ ഇംഗ്ലണ്ടിനെ കാത്തിരുന്നത് ഷമിയുടെ തകര്‍പ്പന്‍ ഇന്നിംഗ്സ്. ഷമിയും ബുംറയും ചേര്‍ന്ന് ഇംഗ്ലണ്ടിനെ ക്ഷമയുടെ നെല്ലിപ്പലക കാണിച്ച മത്സരത്തിൽ ഇന്ത്യയ്ക്ക് മത്സരത്തിൽ 259 റണ്‍സിന്റെ ലീഡാണ് നേടാനായത്.
ഷമിയും ബുംറയും യഥേഷ്ടം സിംഗിളുകള്‍ നേടിയപ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുന്ന ഇംഗ്ലണ്ട് നായകനെയാണ് ലോര്‍ഡ്സിൽ കണ്ടത്. ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 286/8 എന്ന നിലയിലാണ്.
ഇന്ത്യ ഏറെ പ്രതീക്ഷയര്‍പ്പിച്ച ഋഷഭ് പന്തിനെ പുറത്താക്കി ഒല്ലി റോബിന്‍സൺ ആണ് ഇന്ത്യയ്ക്ക് ആദ്യ പ്രഹരം ഏല്പിച്ചത്. 22 റൺസാണ് ഋഷഭ് പന്ത് നേടിയത്. 16 റൺസ് നേടിയ ഇഷാന്ത് ശര്‍മ്മയെയും റോബിന്‍സൺ പുറത്താക്കി.
എന്നാൽ ഒമ്പതാം വിക്കറ്റിൽ 77 റൺസ് നേടി ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും ചേര്‍ന്ന് ഇംഗ്ലണ്ടിന് തലവേദന സൃഷ്ടിക്കുകയായിരുന്നു. മോയിന്‍ അലിയെ സിക്സര്‍ പറത്തിയാണ് ഷമി തന്റെ അര്‍ദ്ധ ശതകം നേടിയത്. ഷമിയുടെ ടെസ്റ്റിലെ രണ്ടാമത്തെ അര്‍ദ്ധ ശതകം ആണിത്.
ഷമി 52 റൺസും ബുംറ 30 റൺസുമാണ് ഇന്ത്യയ്ക്കായി നേടി ലഞ്ചിന് പിരിയുമ്പോള്‍ ക്രീസിൽ നില്‍ക്കുന്നത്.