ഇന്ത്യൻ ക്യാപ്റ്റനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി

വനിതാ പ്രീമിയർ ലീഗ് (ഡബ്ല്യുപിഎൽ) ലേലത്തിൽ രാജ്യത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാളായ ഹർമൻപ്രീത് കൗറിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. കളിക്കളത്തിലെ സ്ഥിരതയുടെ പേരുകേട്ട ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്റെ സേവനം ഉറപ്പാക്കാൻ ഫ്രാഞ്ചൈസികൾ എല്ലാം മത്സരിച്ചു. വാശിയേറിയ ബിഡ്ഡിംഗ് യുദ്ധത്തിൽ, 1.8 കോടി രൂപയ്ക്ക് കൗറിന്റെ സേവനം ഉറപ്പാക്കിക്കൊണ്ട് മുംബൈ ഇന്ത്യൻസ് വിജയികളായി.

100-ലധികം അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള ഇന്ത്യൻ നായകയുടെ പരിചയസമ്പത്ത് ടീമിന് വലിയ കരുത്താകും.ഒരു വനിതാ ട്വന്റി 20 ഇന്റർനാഷണൽ മത്സരത്തിൽ സെഞ്ച്വറി നേടുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യ വനിതയായിരുന്നു ഹർമൻപ്രീത്‌. 100 അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്റ് താരമായും ഹർമൻപ്രീത് നേരത്തെ മാറിയിരുന്നു.

സ്മൃതി മന്ദാനയ്ക്ക് ആയി 3.4 കോടി, റോയൽ ചാലഞ്ചേഴ്സ് താരത്തെ സ്വന്തമാക്കി

വനിതാ പ്രീമിയർ ലീഗ് (ഡബ്ല്യുപിഎൽ) ലേലത്തിന്റെ ആദ്യ ലേലത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയെ വാങ്ങാനായി WPLലെ മികച്ച ടീമുകൾ എല്ലാം രംഗത്ത് ഇറങ്ങി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മികച്ച ഫോമിലുള്ള പ്രതിഭാധനനായ ഓപ്പണറുടെ സേവനം ഉറപ്പാക്കാൻ റോയൽ ചാലഞ്ചേഴ്സിനാണ് ആയത്‌. 3.4 കോടിയാണ് സ്മൃതിക്ക് ആയി റോയൽ ചാലഞ്ചേഴ്സ് നൽകിയത്.

മുംബൈയും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമാണ് താരത്തിനുവേണ്ടിയുള്ള ലേലയുദ്ധത്തിൽ ഏറ്റുമുട്ടിയത്. കടുത്ത മത്സരങ്ങൾക്കിടയിലും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ വിജയിക്കുകയായിരുന്നു. 112 അന്താരാഷ്ട്ര ടി20 മത്സരങ്ങൾ കളിച്ച സ്മൃതി 2651 റൺസ് നേടിയിട്ടുണ്ട്.

ജോനാഥന്‍ ബാറ്റി ഡൽഹി ക്യാപിറ്റൽസ് മുഖ്യ കോച്ച്, ഫീൽഡിംഗ് കോച്ചായി മലയാളി സാന്നിദ്ധ്യവും

വനിത പ്രീമിയര്‍ ലീഗിൽ തങ്ങളുടെ മുഖ്യ കോച്ചിനെ പ്രഖ്യാപിച്ച് ഡൽഹി ക്യാപിറ്റൽസ്. ജോനാഥന്‍ ബാറ്റിയെ ആണ് മുഖ്യ കോച്ചായി ഡൽഹി ക്യാപിറ്റൽസ് പ്രഖ്യാപിച്ചിരിക്കുന്നത്. ദി ഹണ്ട്രെഡിൽ കിരീട നേട്ടം സ്വന്തമാക്കിയിട്ടുള്ള കോച്ചാണ് ബാറ്റി.

ബാറ്റി ഓവൽ ഇന്‍വിന്‍സിബിള്‍സിനെ 2021, 2022 സീസണുകളിൽ തുടര്‍ച്ചയായ കിരീടങ്ങളിലേക്ക് നയിച്ചിരുന്നു. താരം മെൽബേൺ സ്റ്റാര്‍സിന്റെ വനിത ടീമിന്റെയും സറേ വനിത ടീമിന്റെയും മുഖ്യ കോച്ചായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

മലയാളിയായ ബിജു ജോര്‍ജ്ജ് ഫീൽഡിംഗ് കോച്ചായും ഹേമലത കാല, ലിസ കെയ്റ്റ്ലി എന്നിവര്‍ സഹ പരിശീലകരായും ടീമിനൊപ്പം എത്തുന്നു.

വനിത പ്രീമിയര്‍ ലീഗ് ലേലത്തിൽ പങ്കെടുക്കുന്നത് 409 താരങ്ങള്‍

ഉദ്ഘാടന വനിത ഐപിഎൽ പതിപ്പിന്റെ ലേലത്തിനായി 409 താരങ്ങളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി ബിസിസിഐ. ഫെബ്രുവരി 13ന് മുംബൈയിൽ വെച്ചാണ് ലേലം നടക്കുക. 409 താരങ്ങളിൽ 246 ഇന്ത്യന്‍ താരങ്ങളും 163 വിദേശ താരങ്ങളുമാണുള്ളത്.

1525 താരങ്ങളാണ് ലേലത്തിനായി രജിസ്റ്റര്‍ ചെയ്തതെങ്കിലും അതിനെ 409 പേരായി ചുരുക്കുകയായിരുന്നു. 90 സ്ലോട്ടുകളിലേക്കാണ് ഫ്രാഞ്ചൈസികള്‍ താരങ്ങളെ സ്വന്തമാക്കേണ്ടത്. ഇതിൽ 30 എണ്ണം വിദേശ താരങ്ങള്‍ക്കായുള്ളതാണ്.

24 താരങ്ങള്‍ 50 ലക്ഷത്തിന്റെ അടിസ്ഥാന വിലയില്‍ ഉള്‍പ്പെടുന്നു ഇതിൽ ഇന്ത്യയുടെ ഹര്‍മ്മന്‍പ്രീത് കൗര്‍, സ്മൃതി മന്ഥാന, ഷഫാലി വര്‍മ്മ എന്നിവരും സോഫി ഡിവൈന്‍, എൽസെ പെറി, അലൈസ ഹീലി, മെഗ് ലാന്നിംഗ്, ഡിയാന്‍ഡ്ര ഡോട്ടിന്‍ എന്നിങ്ങനെ വിദേശ താരങ്ങളും ഉള്‍പ്പെടുന്നു.

40 ലക്ഷത്തിന്റെ രണ്ടാമത്തെ വിഭാഗത്തിൽ 30 കളിക്കാരുണ്ട്. മുംബൈയിലെ രണ്ട് വേദികളിലായാണ് 22 മത്സരങ്ങളുള്ള ടൂര്‍ണ്ണമെന്റ് നടക്കുക. മാര്‍ച്ച് 4ന് തുടങ്ങി മാര്‍ച്ച് 26ന് ആണ് ടൂര്‍ണ്ണമെന്റ് അവസാനിക്കുന്നത്.

ജൂലൻ ഗോസ്വാമിയ്ക്കൊപ്പം ചാര്‍ലറ്റ് എഡ്വേര്‍ഡ്സും മുംബൈയിലേക്ക്

വനിത പ്രീമിയര്‍ ലീഗിൽ ചാര്‍ലറ്റ് എഡ്വേര്‍‍ഡ്സിനെ മുഖ്യ കോച്ചായി പ്രഖ്യാപിച്ച് മുംബൈ ഫ്രാ‍ഞ്ചൈസി. നേരത്തെ ജൂലൻ ഗോസ്വാമിയെ മെന്റര്‍ – കോച്ച് റോളിലേക്ക് ടീം സ്വന്തമാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. അതിന് ഇപ്പോള്‍ സ്ഥിരീകരണം വരികയാണ്.

ഇത് കൂടാതെ മുന്‍ വനിത താരം ദേവിക പാൽഷികറിനെ ടീമിന്റെ ബാറ്റിംഗ് കോച്ചായും മുന്‍ ഇന്ത്യന്‍ ടീം വനിത മാനേജര്‍ ആയിരുന്ന തൃപ്തി ഭട്ടാചാര്യയയെ ടീമിന്റെ മാനേജരായും പ്രഖ്യാപിച്ചിട്ടുണ്ട്.

വനിത ബിഗ് ബാഷിൽ സിഡ്നി സിക്സേഴ്സിന്റെ കോച്ചായിരുന്ന ചാര്‍ലറ്റ് ദി ഹണ്ട്രെഡിൽ സത്തേൺ ബ്രേവിന്റെയും പരിശീലക സ്ഥാനം വഹിച്ചിട്ടുണ്ട്.

റേച്ചൽ ഹെയ്ന്‍സ് ഗുജറാത്ത് ജയന്റ്സിന്റെ മുഖ്യ കോച്ച്

വനിത പ്രീമിയര്‍ ലീഗിൽ റേച്ചൽ ഹെയ്ന്‍സിനെ മുഖ്യ കോച്ചായി പ്രഖ്യാപിച്ച് അഹമ്മദാബാദ് ഫ്രാഞ്ചൈസിയായ ഗുജറാത്ത് ജയന്റ്സ്. മുന്‍ ഓസ്ട്രേലിയന്‍ താരത്തിനെ കൂടാതെ ബാറ്റിംഗ് കോച്ചായി തുഷാര്‍ ആറോതെയെയും നൂഷിന്‍ അൽ ഖാദീറിനെ ബൗളിംഗ് കോച്ചായും ഫ്രാഞ്ചൈസി നിയമിച്ചിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച ലോകകപ്പ് വിജയിച്ച അണ്ടര്‍ 19 ഇന്ത്യന്‍ ടീമിന്റെ മുഖ്യ കോച്ചായിരുന്നു നൂഷിന്‍. ടീമിന്റെ മെന്ററായി ഇന്ത്യന്‍ ഇതിഹാസം മിത്താലി രാജും ഉണ്ട്.

വനിത പ്രീമിയര്‍ ലീഗിൽ ലക്നൗ ടീമിന്റെ പേര് ലക്നൗ വാരിയേഴ്സ്

വനിത പ്രീമിയര്‍ ലീഗില്‍ ലക്നൗ ആസ്ഥാനമായുള്ള ഫ്രാഞ്ചൈസിയുടെ പേര് പ്രഖ്യാപിച്ചു. ലക്നൗ വാരിയേഴ്സ് എന്നാവും ടീമിന്റെ പേര്. കാപ്രി ഗ്ലോബൽ ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ടീമിന്റെ ഉടമസ്ഥര്‍. 757 കോടി രൂപയ്ക്കാണ് ഫ്രാ‍ഞ്ചൈസിയെ ഇവര്‍ സ്വന്തമാക്കിയത്.

ഐഎൽടി20യിൽ ഷാര്‍ജ്ജ വാരിയേഴ്സ് ടീമുടമകള്‍ കീടിയാണ് കാപ്രി ഗ്ലോബൽ ഹോള്‍ഡിംഗ്സ് പ്രൈവറ്റ് ലിമിറ്റഡ്. ഇത് കൂടാതെ ഖോഖോയിൽ രാജസ്ഥാന്‍ വാരിയേഴ്സിന്റെയും കബഡിയിൽ ബംഗാള്‍ വാരിയേഴ്സിന്റെയും ഉടമകള്‍ കൂടിയാണ് ഇവര്‍.

മാര്‍ച്ച് ആദ്യ ആഴ്ചയാണ് വനിത പ്രീമിയര്‍ ലീഗ് ആരംഭിക്കുവാനിരിക്കുന്നത്.

വനിത പ്രീമിയര്‍ ലീഗ് – മുംബൈയുടെ മെന്ററായി ജൂലന്‍ ഗോസ്വാമി

വനിത പ്രീമിയര്‍ ലീഗ് 2023ൽ മുംബൈ ഫ്രാഞ്ചൈസിയുടെ മെന്ററും ബൗളിംഗ് കോച്ചുമായി ഇന്ത്യന്‍ ഇതിഹാസ താരം ജൂലന്‍ ഗോസ്വാമി എത്തുന്നു. 2022 സെപ്റ്റംബറിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച താരമാണ് ജൂലന്‍ ഗോസ്വാമി. അഞ്ച് ഫ്രാഞ്ചൈസികളാണ് ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന പതിപ്പിലുള്ളത്.

912.99 കോടി രൂപയ്ക്ക് ഇന്ത്യവിന്‍ സ്പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് മുംബൈ ഫ്രാ‍ഞ്ചൈസിയെ സ്വന്തമാക്കിയത്. നേരത്തെ ഡൽഹി ക്യാപിറ്റൽസിലേക്ക് ജൂലന്‍ വരുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നുവെങ്കിലും ടീം ഡയറക്ടറും മുന്‍ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ജൂലന്‍ ഗോസ്വാമി മുംബൈയിലേക്ക് പോയെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

ഡൽഹി താരത്തിന് ഓഫര്‍ നൽകിയെങ്കിലും താരം മുംബൈ തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് സൗരവ് ഗാംഗുലി കൂട്ടിചേര്‍ത്തു.

വനിത ഐപിഎൽ ലേലം നീട്ടി വയ്ക്കുമെന്ന് സൂചന

ഫെബ്രുവരി ആദ്യ വാരം നടക്കാനിരുന്ന വനിത പ്രീമിയര്‍ ലീഗ് (WPL) ലേലം നീട്ടി വയ്ക്കും. ഫെബ്രുവരി 11 അല്ലെങ്കിൽ ഫെബ്രുവരി 13ന് ആവും നടക്കുക എന്നാണ് അറിയുന്നത്. ദുബായിയിലെ ഐഎൽടി20 ലീഗ് കഴിഞ്ഞ ശേഷം നടത്തുവാനാണ് ഇപ്പോളത്തെ തീരുമാനം.

ഐഎൽടി20യിൽ ഐപിഎൽ ഉടമസ്ഥരായ 4 ടീമുകളുണ്ട്. അതിനാൽ തന്നെ ടൂര്‍ണ്ണമെന്റ് പൂര്‍ത്തിയാക്കിയ ശേഷം ലേലം നടത്തണമെന്നാണ് ഫ്രാഞ്ചൈസികുളുടെ ആവശ്യം. ഫെബ്രുവരി 12ന് ആണ് ഫൈനൽ മത്സരം.

“WPL വരുന്നതോടെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് നിരവധി ടാലന്റുകളെ കണ്ടെത്തും”

യുവാക്കളും കഴിവുറ്റവരുമായ നിരവധി ക്രിക്കറ്റ് താരങ്ങളെ കണ്ടെത്തുന്നതിന് വനിതാ പ്രീമിയർ ലീഗ് ഇന്ത്യയെ സഹായിക്കുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ പറഞ്ഞു. WPL ന്റെ ഉദ്ഘാടന സീസൺ മാർച്ചിൽ ആരംഭിക്കാാൻ ഇരിക്കുകയാണ്. പുരുഷ ക്രിക്കറ്റിലും ഐപിഎല്ലിലും നമ്മൾ മുമ്പ് കണ്ടതുപോലെ, ഡബ്ല്യുപിഎൽ കാരണം യുവ പ്രതിഭകളുടെ വരവ് വർദ്ധിപ്പിക്കുമെന്ന് ഹർമൻപ്രീത് പറഞ്ഞു.

ആഭ്യന്തര, രാജ്യാന്തര ക്രിക്കറ്റുകൾ തമ്മിലുള്ള അന്തരം കുറയ്ക്കാൻ ഇതുകൊണ്ടാകും. ഒരു യുവതാരത്തിന് ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് നേരെ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുക എളുപ്പമല്ല. WPL വരുന്നതോടെ യുവ പ്രതിഭകൾക്ക് വലിയ വേദിയിൽ പരിചയസമ്പത്ത് കിട്ടും. മികച്ച താരങ്ങൾക്ക് ഒപ്പം കളിക്കാനും പറ്റും. WPLൽ കളിച്ചാൽ കളിക്കാർക്ക് രാജ്യാന്തര ക്രിക്കറ്റിന് തയ്യാറാണെന്ന് തോന്നിത്തുടങ്ങും എന്നും ഹർമൻപ്രീത് കൂട്ടിച്ചേർത്തു.

മിതാലി രാജ് ഗുജറാത്ത് ജയന്റ്സിനൊപ്പം

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജ് പുതിയ വനിതാ പ്രീമിയർ ലീഗ് ഫ്രാഞ്ചൈസിയായ ഗുജറാത്ത് ജയന്റ്സിനൊപ്പം ചേർന്നു. വരാനിരിക്കുന്ന വിമൺസ് പ്രീമിയർ ലീഗിൽ ഗുജറാത്ത് ജയന്റ്സിന്റെ മെന്റർ ആയാണ് മിതാലി രാജ് ചേർന്നത്. നേരത്തെ മിതാലി വിരമിക്കൽ പിൻവലിച്ച് WPL കളിക്കാൻ വരുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു‌. ഈ പുതിയ വാർത്ത അത്തരം അഭ്യൂഹങ്ങൾ അവസാനിപ്പിക്കും.

മിതാലി രാജിനെ നിയമിച്ചതിൽ സന്തോഷം ഉണ്ടെന്ന് ഫ്രാഞ്ചൈസി ഉടമകളായ അദാനി സ്‌പോർട്‌സ് അറിയിച്ചു. ഇന്ത്യക്കായി 89 ടി20 മത്സരങ്ങളിൽ കളിച്ചിട്ടുള്ള മിതാലി 37.52 ശരാശരിയിൽ 2,364 റൺസ് നേടിയിട്ടുണ്ട്. 2019ൽ ഇംഗ്ലണ്ടിനെതിരെ ആണ് അവസാനമായി മിതാലി രാജ് ടി20യിൽ കളിച്ചത്. 2022 ജൂണിൽ ആയിരുന്നു ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.

വിമൻസ് പ്രീമിയർ ലീഗ് (WPL) മാർച്ച് 4 മുതൽ, ഐ പി എല്ലിന് മുമ്പ് അവസാനിക്കും

വിമൻസ് പ്രീമിയർ ലീഗിന്റെ (WPL) ഉദ്ഘാടന സീസൺ മാർച്ച് 4 മുതൽ നടക്കുമെന്ന് ESPNcriinfo റിപ്പോർട്ട് ചെയ്യുന്നു. വരുന്ന ഐ പി എൽ സീസൺ ആരംഭിക്കും മുമ്പ് WPL അവസാനിക്കേണ്ടതുണ്ട് എന്നതാണ് അധികൃതർ ലീഗ് ഇങ്ങനെ പ്ലാൻ ചെയ്യുന്നത്. ഫെബ്രുവരി 10 മുതൽ 26 വരെ ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന വനിതാ ടി20 ലോകകപ്പിനു പിന്നാലെ ആകും WPL ആരംഭിക്കുക.

IPL നടക്കുന്ന ചില ഗ്രൗണ്ടുകൾ WPL മത്സരങ്ങൾക്കും വേദിയാകുന്നുണ്ട്. ഇതാണ് ഐ പി എല്ലിന് ഒരാഴ്ച മുമ്പ് എങ്കിലും WPL പൂർത്തിയാക്കാൻ ബി സി സി ഐ ശ്രമിക്കുന്നത്. WPLനായുള്ള കളിക്കാരുടെ ലേലം മിക്കവാറും ഫെബ്രുവരി ആദ്യവാരം നടക്കും. കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യൻസ്, ഡൽഹി ക്യാപിറ്റൽസ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ എന്നിവയുടെ ഉടമകളും അദാനി ഗ്രൂപ്പും കാപ്രി ഹോൾഡിംഗ്‌സും WPL ടീമുകളെ സ്വന്തമാക്കിയിരുന്നു.

Exit mobile version