കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ തോൽവിയുടെ മുഴുവൻ ഉത്തരവാദിത്വവും താൻ ഏറ്റെടുക്കുന്നുവെന്ന് സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റൻ ഡേവിഡ് വാർണർ. ഏകപക്ഷീയമായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 7 വിക്കറ്റിന് സൺറൈസേഴ്‌സ് ഹൈദരാബാദിനെ തോൽപ്പിച്ചിരുന്നു.
സൺറൈസേഴ്‌സ് ഹൈദരാബാദ് പലപ്പോഴും കൂടുതൽ സൂക്ഷിച്ചു കളിയ്ക്കാൻ ശ്രമിച്ചുവെന്നും മധ്യ ഓവറുകളിൽ കുറച്ചുകൂടി റൺസ് കണ്ടെത്തണമായിരുന്നെന്നും വാർണർ പറഞ്ഞു. കുറച്ചുകൂടെ ആക്രമിച്ചു കളിക്കേണ്ട സമയത്ത് താൻ അടക്കമുള്ളവർ നിസാരമായ രീതിയിൽ പുറത്തായെന്നും വാർണർ പറഞ്ഞു.
മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ഇന്നിങ്സിൽ 35 ൽ അധികം ഡോട്ട് ബോളുകൾ വന്നെന്നും ടി20 ക്രിക്കറ്റിൽ ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും വാർണർ പറഞ്ഞു. താൻ പുറത്തായതിന് ശേഷം 4-5 ഓവറുകളിൽ വെറും 20 റൺസ് മാത്രമാണ് വന്നതെന്നും ഈ ഘട്ടത്തിൽ ബൗണ്ടറികൾ നേടി ബൗളർമാരുടെ മേൽ കൂടുതൽ സമ്മർദ്ദം സൃഷ്ടിക്കണമെന്നും വാർണർ പറഞ്ഞു.