കിങ്‌സ് ഇലവൻ പഞ്ചാബും രാജസ്ഥാൻ റോയൽസും തമ്മിൽ നടന്ന മത്സരം പോലെയുള്ള കളികൾ ടൂർണമെന്റിൽ ഉള്ളതുകൊണ്ടാണ് ഇന്ത്യൻ പ്രീമിയർ ലീഗ് ലോകത്തിലെ ഏറ്റവും മികച്ച ലീഗാവുന്നതെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ലീഗാണ് ഐ.പി.എൽ എന്നും സൗരവ് ഗാംഗുലി പറഞ്ഞു. ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിൽ 4 വിക്കറ്റിന് രാജസ്ഥാൻ റോയൽസ് കിങ്‌സ് ഇലവൻ പഞ്ചാബിനെ തോല്പിച്ചിരുന്നു.
ആദ്യം ബാറ്റ് ചെയ്ത കിങ്‌സ് ഇലവൻ പഞ്ചാബ് 2 വിക്കറ്റ് നഷ്ടത്തിൽ 223 റൺസാണ് എടുത്തത്. തുടർന്ന് ചേസ് ചെയ്ത രാജസ്ഥാൻ റോയൽസ് ഏവരെയും ഞെട്ടിച്ചുകൊണ്ട് മത്സരത്തിൽ വിജയം നേടുകയായിരുന്നു. വെടിക്കെട്ട് പ്രകടനം നടത്തിയ സ്റ്റീവ് സ്മിത്ത്, സഞ്ജു സാംസൺ, രാഹുൽ തെവാത്തിയ എന്നിവരുടെ പ്രകടനമാണ് രാജസ്ഥാൻ റോയൽസിന് അവിശ്വസനീയ ജയം നേടിക്കൊടുത്തത്. സ്റ്റീവ് സ്മിത്ത് 27 പന്തിൽ 50 റൺസും സഞ്ജു സാംസൺ 42 പന്തിൽ 85 റൺസും രാഹുൽ തെവാത്തിയ31 പന്തിൽ 53 റൺസുമെടുത്താണ് രാജസ്ഥാൻ റോയൽസിന് ജയം നേടി കൊടുത്തത്.