ഐ എസ് എല്ലിനായി ഹൈദരാബാദ് എഫ് സിയും ഗോവയിൽ എത്തി

ഐ എസ് എൽ അടുത്ത് എത്തുകയാണ്. ഒരുക്കങ്ങൾക്കായി ടീമുകൾ ഐ എസ് എല്ലിന് വേദിയാകുന്ന ഗോവയിലേക്ക് വിമാനം കയറിയും തുടങ്ങി. നിലവിലെ ഐ എസ് എൽ ചാമ്പ്യന്മാരായ എ ടി കെ മോഹൻ ബഗാന് പിന്നാലെ ഇപ്പോൾ ഹൈദരാബാദ് എഫ് സിയുടെ ഇന്ത്യൻ താരങ്ങളും ഗോവയിൽ എത്തിയിരിക്കുകയാണ്. താരങ്ങൾ ഏഴ് ദിവസം ക്വാരന്റൈനിൽ പോകും. ഇതിനു ശേഷം താരങ്ങൾ ഒക്കെ നിർബന്ധമായും കൊറോണ ടെസ്റ്റിന് വിധേയമാകും.

ഫലം നെഗറ്റീവ് ആയെന്ന് ഉറപ്പായാൽ മാത്രമെ പരിശീലനം ആരംഭിക്കാൻ പറ്റുകയുള്ളൂ. വിദേശ താരങ്ങളും ഉടൻ ഗോവയിൽ എത്തി തുടങ്ങും. പല വിദേശ താരങ്ങളും ഇപ്പോൾ യു എ ഇയിൽ എത്തി അവിടെ 14 ദിവസ ക്വാരന്റൈനിൽ കഴിയുക ആണ്. അവർ ഇന്ത്യയിൽ എത്തിയാൽ നിർബന്ധമായും ഇവിടെയും ക്വാറന്റൈൻ പൂർത്തിയാക്കണം‌. ഇതിനുള്ള സൗകര്യങ്ങൾ ഗോവയിൽ ഒരുക്കിയിട്ടുണ്ട്. ഗോവയിലെ ഗുയിറിം പരിശീലന ഗ്രൗണ്ടിലാണ് ഹൈദരാബാദ് താരങ്ങൾ പരിശീലനം നടത്തുക. ഗ്രൗണ്ട് ഇതിനായി പൂർണ്ണ സജ്ജമാണ്. കേരള ബ്ലാസ്റ്റേഴ്സ് അടക്കമുള്ള ടീമുകളും ഉടൻ ഗോവയിലേക്ക് എത്തും. നവംബർ 20 മുതൽ ആണ് ഇത്തവണത്തെ ഐ എസ് എൽ നടക്കുന്നത്.