പേടിയില്ലാതെ, മുഴുവന്‍ സ്വാതന്ത്ര്യത്തോടെ കളിക്കുക എന്നതായിരുന്നു ടീമിന്റെ ലക്ഷ്യം – ശ്രേയസ്സ് അയ്യര്‍

പോയിന്റ് പട്ടികയില്‍ അഞ്ചില്‍ നാല് വിജയങ്ങളുമായി ഒന്നാം സ്ഥാനത്താണ് ഐപിഎലില്‍ യുവ നിരയായ ഡല്‍ഹി ക്യാപിറ്റല്‍സ്. ഭയമില്ലാതെ പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ കളിക്കുവാനാണ് തങ്ങളുടെ ടീമിന്റെ ലക്ഷ്യമെന്നും ടീമിലെ യുവനിര അത് നടപ്പിലാക്കി വരികയാണെന്നും മത്സര ശേഷം സംസാരിക്കവേ ടീം ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യര്‍ അഭിപ്രായപ്പെട്ടു.

ഇതുവരെ കാര്യങ്ങള്‍ സംഭവിച്ച രീതിയില്‍ തനിക്കും ടീം മാനേജ്മെന്റിനും ഏറെ പ്രതീക്ഷയുണ്ടെന്നും ബയോ ബബിളില്‍ കഴിയുന്നത് അത്ര മികച്ച കാര്യമല്ലാത്തതിനാല്‍ തന്നെ ടീമംഗങ്ങള്‍ എപ്പോഴും ഒപ്പം നില്‍ക്കുവാന്‍ ശ്രമിക്കാറുണ്ടെന്നും അയര്‍ വ്യക്തമാക്കി. മികച്ച പ്രകടനം പുറത്തെടുക്കുകയായിരുന്നു അമിത് മിശ്രയുടെ പരിക്ക് സങ്കടകരമാണെങ്കിലും താരത്തിന് പകരം താരങ്ങള്‍ ടീമിലുണ്ടെന്നുള്ളത് ആശ്വാസമാണെന്നും ശ്രേയസ്സ് പറഞ്ഞു.

ഒട്ടനവധി മാറ്റങ്ങള്‍ ടീമില്‍ വരുത്തുന്നതും ടീമിന്റെ സന്തുലിതാവസ്ഥയെ ബാധിക്കുമെന്നും അതിനാല്‍ തന്നെ അധികം മാറ്റമില്ലാതെ ടൂര്‍ണ്ണമെന്റില്‍ മുന്നോട്ട് പോകുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ശ്രേയസ്സ് അയ്യര്‍ വ്യക്തമാക്കി.