24 റൺസ് കൂടെ നേടിയാൽ റുതുരാജിന് ഐ പി എൽ ചരിത്രം എഴുതാം

ഇന്ന് ഫൈനലിൽ ചെന്നൈയിന് വേണ്ടി ഇറങ്ങുമ്പോൾ യുവതാരം റിതുരാജ് ഗെയ്കവാദിന് മുന്നിൽ ഒരു വലിയ റെക്കോർഡ് നിൽക്കുന്നുണ്ട്. ഇന്ന് 24 റൺസ് എടുത്ത് ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കുക ആണെങ്കിൽ റുതുരാജ് ഐ പി എല്ലിൽ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറും.

ഈ സീസണിൽ ഗെയ്ക്വാദ് ഇതുവരെ 15 മത്സരങ്ങളിൽ നിന്ന് 603 റൺസ് നേടിയിട്ടുണ്ട്. നാല് അർധ സെഞ്ച്വറികളും ഒരു സെഞ്ചുറിയും താരം നേടി. ഇപ്പോൾ പഞ്ചാബ് കിംഗ്സ് ക്യാപ്റ്റൻ കെ എൽ രാഹുലിനെക്കാൾ 23 റൺസ് പിന്നിലാണ് ഗെയ്ക്വാദ് ഉള്ളത്. നിലവിൽ ഈ റെക്കോർഡ് ഓസ്ട്രേലിയയുടെ ഷോൺ മാർഷിന്റെ പേരിലാണ്. ഐപിഎൽ 2008ൽ കിംഗ്സ് ഇലവൻ പഞ്ചാബിന് വേണ്ടി 616 റൺസ് നേടിയാണ് മാർഷ് ഓറഞ്ച് ക്യാപ് നേടിയത്. ആ സമയത്ത് മാർഷിന് വെറും 25 വയസ്സായിരുന്നു, 23 കാരനായ റുതുരാജ് ഈ റെക്കോർഡ് സ്വന്തമാക്കുമോ എന്ന് ഇന്ന് രാത്രി അറിയാം.