പതിവു പോലെ മികച്ച തുടക്കം കളഞ്ഞ് കുളിച്ച് രാജസ്ഥാന്‍ റോയല്‍സ്, ടീമിനെ മാന്യമായ സ്കോറിലേക്ക് നയിച്ച് ശ്രേയസ്സ് ഗോപാലും ജോഫ്ര ആര്‍ച്ചറും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

അജിങ്ക്യ രഹാനെയും ജോസ് ബട്‍ലറും നല്‍കിയ മികച്ച തുടക്കം പിന്നീട് നിരുത്തരവാദിത്വപരമായ ബാറ്റിംഗ് പ്രകടനം മൂലം കളഞ്ഞ് കുളിച്ചപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിനു ആദ്യം ബാറ്റ് ചെയ്ത് നേടാനായത് 7 വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സ് മാത്രം. അവസാന ഓവറില്‍ നിന്ന് നേടിയ 18 റണ്‍സിന്റെ സഹായത്തോടെയാണ് ഈ സ്കോറിലേക്ക് ടീമിനു എത്താനായത്. എട്ടാം വിക്കറ്റില്‍ പുറത്താകാതെ 25 റണ്‍സ് നേടിയ ശ്രേയസ്സ് ഗോപാല്‍ ജോഫ്ര ആര്‍ച്ചര്‍ കൂട്ടുകെട്ടാണ് ടീമിന്റെ രക്ഷയ്ക്കെത്തിയത്.

രണ്ടാം ഓവര്‍ അവസാനിച്ചപ്പോള്‍ രഹാനെയും ബട്‍ലറും ചേര്‍ന്ന് ടീമിനെ 25 റണ്‍സിലേക്ക് എത്തിച്ചിരുന്നു. അവിടെ നിന്ന് തുടരെ വിക്കറ്റുകള്‍ വീണതോടെ ടീം 10.5 ഓവറില്‍ 78/5 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.

രഹാനെയെ(14) ദീപക് ചഹാര്‍ പുറത്താക്കിയപ്പോള്‍ പത്ത് പന്തില്‍ 23 റണ്‍സ് നേടി ചെന്നൈ ബൗളര്‍മാരെ തല്ലിയോടിക്കുകയായിരുന്ന ജോസ് ബട്‍ലറെ ശര്‍ദ്ധുല്‍ താക്കൂര്‍ വീഴ്ത്തി. തുടര്‍ന്ന് സ്പിന്നര്‍മാര്‍ മധ്യ ഓവറുകളില്‍ പിടിമുറുക്കിയപ്പോള്‍ ടീം തകരുകയായിരുന്നു. സഞ്ജുവിനെ(6) സാന്റനര്‍ പുറത്താക്കിയപ്പോള്‍ സ്റ്റീവന്‍ സ്മിത്തിനെയും(15) രാഹുല്‍ ത്രിപാഠിയെയും(10) രവീന്ദ്ര ജഡേജ മടക്കിയയച്ചു.

പിന്നീട് ബെന്‍ സ്റ്റോക്സും അരങ്ങേറ്റക്കാരന്‍ റിയാന്‍ പരാഗും ചേര്‍ന്ന് രാജസ്ഥാന്റെ സ്കോര്‍ 100 കടത്തുകയായിരുന്നു. 25 റണ്‍സ് കൂട്ടുകെട്ടിനു ശേഷം 16 റണ്‍സ് നേടിയ റിയാന്‍ പരാഗിനെ ശര്‍ദ്ധുല്‍ താക്കൂര്‍ പുറത്താക്കി. ഏറെ വൈകാതെ ടീമിന്റെ അവസാന പ്രതീക്ഷയായ ബെന്‍ സ്റ്റോക്സിനെ(28) ദീപക് ചഹാര്‍ പവലിയനിലേക്ക് മടക്കി.

20 ഓവറുകള്‍ പിന്നിട്ടപ്പോള്‍ 151 റണ്‍സാണ് രാജസ്ഥാന് നേടാനായത്. 7 പന്തില്‍ 19 റണ്‍സ് നേടി ശ്രേയസ്സ് ഗോപാലും 12 പന്തില്‍ 13 റണ്‍സ് നേടി ജോഫ്ര ആര്‍ച്ചറുമാണ് ടീമിനെ 15 കടക്കുവാന്‍ സഹായിച്ചത്. ചെന്നൈ സൂപ്പര്‍ കിംഗ്സിനു വേണ്ടി ശര്‍ദ്ധുല്‍ താക്കൂര്‍, രവീന്ദ്ര ജഡേജ, ദീപക് ചഹാര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. മിച്ചല്‍ സാന്റനറിനു ഒരു വിക്കറ്റും നേടാനായി. ജഡേജ തന്റെ നാലോവറില്‍ 20 റണ്‍സ് മാത്രമാണ് വിട്ട് നല്‍കിയത്.