കോൺവേയുടെ വെല്ലുവിളി മറികടന്ന് ബാംഗ്ലൂരിന് വിജയം

ഡെവൺ കോൺവേയും മോയിന്‍ അലിയും ക്രീസിലുണ്ടായിരുന്ന സമയത്ത് ബാംഗ്ലൂരിന് കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ലെങ്കിലും നിര്‍ണ്ണായക ഘട്ടത്തിൽ വിക്കറ്റുകളുമായി തിരിച്ചടിച്ച് ആര്‍സിബി. 174 റൺസ് നേടിയിറങ്ങിയ ചെന്നൈയെ 160/8 എന്ന സ്കോറിൽ പിടിച്ച് കെട്ടി 13 റൺസ് വിജയം കരസ്ഥമാക്കിയപ്പോള്‍ ആര്‍സിബി തങ്ങളുടെ പ്ലേ ഓഫ് മോഹങ്ങള്‍ സജീവമാക്കി നിര്‍ത്തി.

Devonconway

ഡെവൺ കോൺവേയും റുതുരാജ് ഗായക്വാഡും മികച്ച രീതിയിൽ ബാറ്റ് വീശിയപ്പോള്‍ 54 റൺസാണ് ചെന്നൈ ഓപ്പണിംഗ് കൂട്ടുകെട്ടിൽ നേടിയത്. 28 റൺസ് നേടിയ റുതുരാജിനെ മികച്ച ക്യാച്ചിലൂടെ പകരം താരമായി എത്തിയ സുയാഷ് പിടിച്ചപ്പോള്‍ ഷഹ്ബാസ് ആണ് ആദ്യ വിക്കറ്റ് നേടിയത്.

ബാറ്റ് കൊണ്ട് കസറിയില്ലെങ്കിലും റോബിന്‍ ഉത്തപ്പയെയും അമ്പാട്ടി റായിഡുവിനെയും പുറത്താക്കി ഗ്ലെന്‍ മാക്സ്വെൽ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം ആണ് പുറത്തെടുത്തത്. റായിഡുവും പുറത്തായപ്പോള്‍ 75/3 എന്ന നിലയിലേക്ക് ചെന്നൈ വീണു.

ഡെവൺ കോൺവേയും മോയിന്‍ അലിയും മികച്ച നിലയിൽ ബാറ്റിംഗ് തുടര്‍ന്നപ്പോള്‍ 34 റൺസാണ് ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റിൽ നേടിയത്. 37 പന്തിൽ 56 റൺസ് നേടിയ കോൺവേയെ ഹസരംഗയാണ് പുറത്താക്കിയത്.

Waninduhasaranga

മത്സരം അവസാന മൂന്നോവറിലേക്ക് കടന്നപ്പോള്‍ 47 റൺസായിരുന്നു ചെന്നൈ നേടേണ്ടിയിരുന്നത്. 18ാം ഓവറിന്റെ ആദ്യ പന്തിൽ തന്നെ സിക്സര്‍ പായിച്ച മോയിന്‍ അലിയെ തൊട്ടടുത്ത പന്തിൽ മികച്ചൊരു സ്ലോവര്‍ ബോളിലൂടെ ഹര്‍ഷൽ പട്ടേൽ വീഴ്ത്തിയപ്പോള്‍ ചെന്നൈയ്ക്ക് കാര്യങ്ങള്‍ കടുപ്പമായി മാറി. 27 പന്തിൽ 34 റൺസായിരുന്നു മോയിന്‍ അലിയുടെ സംഭാവന.

തൊട്ടടുത്ത ഓവറിൽ ധോണിയെ ഹാസൽവുഡ് വീഴ്ത്തിയതോടെ ചെന്നൈയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു. അവസാന ഓവറിൽ 17 റൺസ് പിറന്നുവെങ്കിലും 13 റൺസ് വിജയം നേടി ബാംഗ്ലൂര്‍ ടോപ് ഫോറിലേക്ക് എത്തുകയായിരുന്നു.

ജയത്തോടെ 12 പോയിന്റുമായി ആര്‍സിബി പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ്. രാജസ്ഥാന്‍ റോയൽസിനൊപ്പം ടീമിനും 12 പോയിന്റാണെങ്കിലും മികച്ച റൺറേറ്റിന്റെ അടിസ്ഥാനത്തിൽ രാജസ്ഥാന്‍ മൂന്നാം സ്ഥാനത്ത് തുടരുന്നു.