പതിവു പടിയ്ക്കല്‍ കലമുടയ്ക്കുന്ന പരിപാടിയെയും മറികടന്ന് രാജസ്ഥാന് ജയം, അടിച്ച് തകര്‍ത്ത് ജോസ് ബട്‍ലര്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ജോസ് ബട്‍ലറുടെ വെടിക്കെട്ട് ഇന്നിംഗ്സിന്റെയും സഞ്ജു സാംസണിന്റെ നിര്‍ണ്ണായക സംഭാവനയ്ക്കുമൊപ്പം ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ നല്‍കിയ തുടക്കം കൂടിയായപ്പോള്‍ ഐപിഎല്‍ 2019ലെ തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. അടിച്ച് തകര്‍ക്കുകയായിരുന്നു ജോസ് ബട്‍ലര്‍ 89 റണ്‍സ് നേടി പുറത്തായ ശേഷം രാജസ്ഥാന്‍ പതിവു പോലെ പടിയ്ക്കല്‍ മത്സരം കൊണ്ടുടയ്ക്കുമന്ന കാഴ്ചയാണ് പിന്നീട് കണ്ടതെങ്കിലും ശ്രേയസ്സ് ഗോപാലിന്റെ നിര്‍ണ്ണായക പ്രകടനം ടീമിനെ വിജയത്തിലേക്ക് മൂന്ന് പന്ത് അവശേഷിക്കെ എത്തിയ്ക്കുകയായിരുന്നു. സഞ്ജു സാംസണ്‍ 31 റണ്‍സാണ് നേടിയത്.

ഒന്നാം വിക്കറ്റില്‍ അജിങ്ക്യ രഹാനെയും ജോസ് ബട്‍ലറും മികച്ച പ്രകടനമാണ് രാജസ്ഥാന് നല്‍കിയത്. 6 ഓവര്‍ അവസാനിക്കുമ്പോള്‍ 59 റണ്‍സ് നേടുവാന്‍ രാജസ്ഥാന് സാധിച്ചുവെങ്കിലും അടുത്ത ഓവറില്‍ തന്നെ ടീമിനു ആദ്യ പ്രഹരമേറ്റു. പവര്‍പ്ലേ കഴിഞ്ഞയുടനെ അജിങ്ക്യ രഹാനെയുടെ വിക്കറ്റ് രാജസ്ഥാന്‍ റോയല്‍സിനു നഷ്ടമായി. 60 റണ്‍സാണ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ സന്ദര്‍ശകര്‍ നേടിയത്. മികച്ച ഷോട്ടുകള്‍ കളിച്ച് മുന്നേറുകയായിരുന്ന അജിങ്ക്യ രഹാനെ 21 പന്തില്‍ നിന്ന് 37 റണ്‍സ് നേടിയാണ് പുറത്തായത്. ക്രുണാല്‍ പാണ്ഡ്യയ്ക്കാണ് വിക്കറ്റ്.

മുംബൈ സ്പിന്നര്‍മാരെ തിരഞ്ഞുപിടിച്ച് ജോസ് ബട്‍ലര്‍ ആക്രമിക്കുവാന്‍ തുടങ്ങിയപ്പോള്‍ രാജസ്ഥാന്‍ പത്തോവര്‍ പിന്നിട്ടപ്പോള്‍ 100/1 എന്ന നിലയില്‍ എത്തുകയായിരുന്നു. പവര്‍പ്ലേയ്ക്ക് ശേഷമുള്ള നാലോവറില്‍ ഒരു വിക്കറ്റ് നഷ്ടമായെങ്കിലും ജോസ് ബട്‍ലറും സഞ്ജു സാംസണും ചേര്‍ന്ന് 41 റണ്‍സാണ് നേടിയത്. ഇതിനിടെ 29 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം ജോസ് ബട്‍ലര്‍ പൂര്‍ത്തിയാക്കി.

രാജസ്ഥാന്‍ ഇന്നിംഗ്സിന്റെ 13ാം ഓവറില്‍ അല്‍സാരി ജോസഫിനെ ബട്‍ലര്‍ കണക്കിനു പ്രഹരിച്ചതോടെ മത്സരം ഏറെക്കുറെ രാജസ്ഥാന്റെ പക്ഷത്തേക്ക് നീങ്ങി. ഓവറിലെ ആദ്യ പന്തില്‍ സിക്സ് അടിച്ച് തുടങ്ങിയ ബട്‍ലര്‍ പിന്നീട് നാല് ഫോറും അവസാന പന്തില്‍ സിക്സും നേടി ഓവറില്‍ നിന്ന് 28 റണ്‍സും രാജസ്ഥാന്‍ നേടി.

എന്നാല്‍ രാഹുല്‍ ചഹാര്‍ എറി‍ഞ്ഞ അടുത്ത ഓവറില്‍ സഞ്ജു ഒരവസരം നല്‍കിയെങ്കിലും ഫീല്‍ഡര്‍മാര്‍ക്ക് പന്തിനടുത്ത് എത്താനാകാതെ വന്നപ്പോള്‍ സഞ്ജു രക്ഷപ്പെടുകയായിരുന്നു. അടുത്ത പന്തില്‍ വലിയ ഷോട്ടിനു ശ്രമിച്ച് രാജസ്ഥാന്റെ വെടിക്കെട്ട് വീരന്‍ ജോസ് ബട്‍ലര്‍ പുറത്തായതോടെ മുംബൈയ്ക്ക് മത്സരത്തിലെ പ്രതീക്ഷയായ വിക്കറ്റ് നേടുവാന്‍ കഴിഞ്ഞു. 43 പന്തില്‍ നിന്ന് ഏഴ് വീതം ഫോറും സിക്സും നേടിയാണ് ജോസ് ബട്‍ലര്‍ തന്റെ 89 റണ്‍സ് നേടിയത്. എന്നാല്‍ മത്സരത്തില്‍ സ്വയം ടീമിനെ വിജയത്തിലേക്ക് നയിക്കുവാന്‍ താരത്തിനായില്ല. രണ്ടാം വിക്കറ്റില്‍ സഞ്ജുവിനൊപ്പം 87 റണ്‍സാണ് ജോസ് ബട്‍ലര്‍ രാജസ്ഥാനായി കൂട്ടിചേര്‍ത്തത്.

അവസാന അഞ്ചോവറില്‍ 30 റണ്‍സ് നേടേണ്ടിയിരുന്ന രാജസ്ഥാന് ക്രുണാല്‍ പാണ്ഡ്യ എറിഞ്ഞ 16ാം ഓവറില്‍ നിന്ന് രണ്ട് ബൗണ്ടറി ഉള്‍പ്പെടെ 10 റണ്‍സ് നേടുവാനായി. മുംബൈ തങ്ങളുടെ പ്രധാന ബൗളറെ ബൗളിംഗിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചത് ഗുണം കാണുന്നതാണ് പിന്നീട് വാങ്കഡേയില്‍ കണ്ടത്. 4 ഓവറില്‍ 20 റണ്‍സ് എന്ന നിലയില്‍ ബുംറ എറിഞ്ഞ 17ാം ഓവറില്‍ വെറും 3 റണ്‍സ് മാത്രം വിട്ട് നല്‍കിയ താരം സഞ്ജു സാംസണിന്റെ നിര്‍ണ്ണായക വിക്കറ്റ് നേടി. ഇതോടെ രാജസ്ഥാന്റെ അവസാന ഓവറിലെ ലക്ഷ്യം 18 പന്തില്‍ 17 ആയി.

ക്രുണാല്‍ പാണ്ഡ്യയുടെ അടുത്ത ഓവറിലെ ആദ്യ പന്തില്‍ രാഹുല്‍ ത്രിപാഠി ഔട്ടായതോടെ രാജസ്ഥാന്‍ തങ്ങളുടെ പതിവു പല്ലവി ആവര്‍ത്തിക്കുന്നതാണ് കണ്ടത്. അതേ ഓവറിലെ അവസാന പന്തില്‍ ലിയാം ലിവിംഗ്സ്റ്റണും പുറത്തായതോടെ മുംബൈ മത്സരത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുന്നതാണ് വാങ്കഡേ സാക്ഷ്യം വഹിച്ചത്.

ജസ്പ്രീത് ബുംറ എറിഞ്ഞ 19ാം ഓവറില്‍ സ്റ്റീവ് സ്മിത്തിനെ പുറത്താക്കി വീണ്ടും മത്സരത്തില്‍ മുംബൈ പിടിമുറുക്കുന്നതാണ് കണ്ടത്. ശ്രേയസ്സ് ഗോപാല്‍ അടുത്ത പന്തില്‍ ഒരു ബൗണ്ടറി നേടിയെന്ന് ഉറപ്പിച്ചുവെങ്കിലും അല്‍സാരി ജോസഫിന്റെ തകര്‍പ്പന്‍ ഫീല്‍ഡിംഗ് രണ്ട് റണ്‍സ് രക്ഷിച്ചു. ഓവറിലെ അഞ്ചാം പന്ത് എഡ്ജ് ചെയ്ത് ബൗണ്ടി പോവുകയും അവസാന പന്തില്‍ ശ്രേയസ്സ് ഗോപാലിനെ ഇഷാന്‍ കിഷന്‍ കൈവിടുകയും ചെയ്തപ്പോള്‍ ലക്ഷ്യം അവസാന ഓവറില്‍ ആറ് റണ്‍സായി മാറി.

ഹാര്‍ദ്ദിക് പാണ്ഡ്യയുടെ അവസാന ഓവറിലെ ആദ്യ പന്തില്‍ വീണ്ടും ശ്രേയസ്സ് ഗോപാല്‍ അവസരം നല്‍കിയെങ്കിലും അതും മുംബൈ കൈവിട്ടു. മൂന്നാം പന്തില്‍ ബൗണ്ടറി നേടി ശ്രേയസ്സ് ഗോപാല്‍ ടീമിനെ 4 വിക്കറ്റ് വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 7 പന്തില്‍ നിന്ന് 13 റണ്‍സ് നേടിയാണ് ശ്രേയസ്സ് ഗോപാല്‍ പുറത്താകാതെ നിന്നത്.