പതിവ് മതിയാക്കി പഞ്ചാബ്, അവസാനം കലമുടയ്ക്കാതെ വിജയം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

കെഎൽ രാഹുല്‍ അവസാന ഓവറിൽ പുറത്തായെങ്കിലും ത്രില്ലര്‍ മത്സരത്തിൽ 5 വിക്കറ്റ് വിജയം നേടി പഞ്ചാബ് കിംഗ്സ്. മത്സരത്തിൽ പതിവ് പോലെ പഞ്ചാബ് അവസാന കലം ഉടയ്ക്കുമെന്ന് ഏവരും വിചാരിച്ചുവെങ്കിലും ഷാരൂഖ് ഖാന്റെ പവര്‍ ഹിറ്റിംഗ് ടീമിനെ വിജയത്തിലേക്ക് എത്തിയ്ക്കുകയായിരുന്നു.

4 പന്തിൽ 4 റൺസെന്ന നിലയില്‍ രാഹുലിനെ നഷ്ടമായി നില്‍ക്കുകയായിരുന്ന പഞ്ചാബിന് ഷാരൂഖിന്റെ സിക്സര്‍ രാഹുല്‍ ത്രിപാഠിയുടെ കൈകളിൽ നിന്ന് വഴുതിയ പന്ത് സിക്സിലേക്ക് പോയപ്പോള്‍ ഐപിഎലിലെ ഒരു ത്രില്ലറിന് കൂടി അന്ത്യമാകുകയായിരുന്നു. 19.3 ഓവറിലായിരുന്നു പഞ്ചാബിന്റെ 5 വിക്കറ്റ് വിജയം.

കുതിച്ച് കയറിയ പഞ്ചാബ് കിംഗ്സ് ഓപ്പണിംഗ് കൂട്ടുകെട്ടിനെ തകര്‍ത്തത് വരുൺ ചക്രവര്‍ത്തിയായിരുന്നു. രാഹുല്‍ മെല്ലെ തുടങ്ങിയപ്പോള്‍ മയാംഗ് അടിച്ച് തകര്‍ക്കുകയായിരുന്നു മറുവശത്ത്. 27 പന്തിൽ 40 റൺസാണ് മയാംഗ് അഗര്‍വാള്‍ നേടിയത്. തന്റെ തൊട്ടടുത്ത ഓവറിൽ വരുൺ നിക്കോളസ് പൂരനെയും പുറത്താക്കിയപ്പോള്‍ പഞ്ചാബ് 70/0 എന്ന നിലയിൽ നിന്ന് 84/2 എന്ന നിലയിലേക്ക് വീണു.

Mayankrahul

രാഹുലും മാക്രവും ചേര്‍ന്ന് മൂന്നാം വിക്കറ്റിൽ 29 പന്തിൽ 45 റൺസ് നേടി മത്സരം പ‍ഞ്ചാബ് പക്ഷത്തേക്ക് തിരിക്കുമെന്ന തോന്നിപ്പിച്ച നിമിഷത്തിലാണ് 18 റൺസ് നേടിയ മാക്രത്തെ വീഴ്ത്തി സുനിൽ നരൈന്‍ കൂട്ടുകെട്ട് തകര്‍ക്കുന്നത്.

മത്സരം അവസാന നാലോവറിലേക്ക് കടന്നപ്പോള്‍ 7 വിക്കറ്റ് കൈവശമുള്ള പഞ്ചാബിന് ജയത്തിനായി 35 റൺസായിരുന്നു നേടേണ്ടിയിരുന്നത്. ശിവം മാവി എറിഞ്ഞ 17ാം ഓവറിൽ ദീപക് ഹൂഡയുടെ വിക്കറ്റ് പഞ്ചാബിന് നഷ്ടമായപ്പോള്‍ കാര്യങ്ങള്‍ ക്യാപ്റ്റന്‍ രാഹുലിന്റെ ചുമലിലേക്ക് ഒതുങ്ങി.

രാഹുലിന് കൂട്ടായി എത്തിയ ഷാരൂഖ് ഖാന്‍ ചില നിര്‍ണ്ണായക ഷോട്ടുകള്‍ ഉതിര്‍ത്തപ്പോള്‍ ലക്ഷ്യം 12 പന്തിൽ 15 ആയി മാറി.

Iyerrahul

ലക്ഷ്യം 11 റൺസിൽ എത്തിനില്‍ക്കുമ്പോള്‍ പഞ്ചാബിന്റെ രാഹുലിനെ കൊല്‍ക്കത്തയുടെ രാഹുല്‍ പിടിച്ച് പുറത്താക്കിയെങ്കിലും റീപ്ലേകളിലൂടെ കെഎൽ രാഹുലിന് അനുകൂലമായ വിധിയെഴുതുകയായിരുന്നു. ഓവറിലെ അവസാന പന്തിൽ രാഹുല്‍ ബൗണ്ടറി നേടിയപ്പോള്‍ ഓവറിൽ നിന്ന് 10 റൺസ് പിറന്നു. ശിവം മാവിയുടെ ഓവറിലെ ആദ്യ പന്തിലും അവസാന പന്തിലും ബൗണ്ടറി പിറക്കുകായയിരുന്നു.

മത്സരം അവസാന ഓവറിലേക്ക് എത്തിയപ്പോള്‍ പഞ്ചാബിന് ജയിക്കുവാന്‍ 5 റൺസായിരുന്നു വേണ്ടത്. അവസാന ഓവറിൽ കെഎൽ രാഹുലിനെ(67) നഷ്ടമായെങ്കിലും 9 പന്തിൽ 22 റൺസ് നേടിയ ഷാരൂഖ് ഖാന്‍ ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഷാരൂഖ് നല്‍കിയ ക്യാച്ച് ബൗണ്ടറി ലൈനിൽ കള‍ഞ്ഞ് രാഹുല്‍ ത്രിപാഠി സിക്സര്‍ വിട്ട് നല്‍കിയതാണ് മത്സരത്തിൽ നിര്‍ണ്ണായകമായി മാറിയത്.