215 എല്ലാം ഒരു സ്കോറാണോ!!! വീണ്ടും കൂറ്റന്‍ ചേസിംഗുമായി മുംബൈ

Sports Correspondent

Ishansky
Download the Fanport app now!
Appstore Badge
Google Play Badge 1

215 റൺസെന്ന കൂറ്റന്‍ ലക്ഷ്യം ചേസ് ചെയ്ത് മുംബൈ ഇന്ത്യന്‍സ്. പഞ്ചാബ് കിംഗ്സ് നൽകിയ വലിയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈയ്ക്കായി ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും നേടിയ അര്‍ദ്ധ ശതകങ്ങളാണ് വിജയം ഒരുക്കുവാന്‍ നിര്‍ണ്ണായകമായത്. ഇരുവരും പുറത്തായ ശേഷം തിലക് വര്‍മ്മയും ടിം ഡേവിഡും ടീമിനെ വിജയത്തിലേക്ക് നയിച്ചു. 18.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 216 റൺസാണ് മുംബൈ നേടിയത്.

ഋഷി ധവാന്‍ രോഹിത് ശര്‍മ്മയെ പൂജ്യത്തിന് പുറത്താക്കിയപ്പോള്‍ മുംബൈയ്ക്ക് അടുത്തതായി നഷ്ടമായത് 18 പന്തിൽ 23 റൺസ് നേടിയ കാമറൺ ഗ്രീനിനെ ആയിരുന്നു. ഇഷാന്‍ – ഗ്രീന്‍ കൂട്ടുകെട്ട് പവര്‍പ്ലേയ്ക്കുള്ളിൽ 54 റൺസാണ് രണ്ടാം വിക്കറ്റിൽ നേടിയത്.

Nathanellis

പീന്നീട് മുംബൈയുടെ മത്സരത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ടാണ് കണ്ടത്. ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും മികച്ച രീതിയിൽ ബാറ്റ് വീശി അര്‍ദ്ധ ശതക കൂട്ടുകെട്ട് നേടിയപ്പോള്‍ 48 പന്തിൽ നിന്ന് 100 റൺസായിരുന്നു ടീം വിജയത്തിനായി നേടേണ്ടിയിരുന്നത്.

Suryakumaryadav

സാം കറനെ സൂര്യകുമാര്‍ യാദവ് തല്ലിതകര്‍ത്തപ്പോള്‍ 13ാം ഓവറിൽ പഞ്ചാബ് 23 റൺസാണ് വഴങ്ങിയത്. സ്കൈ 2 സിക്സും 2 ഫോറുമാണ് ഓവറിൽ നിന്ന് നേടിയത്. ഇഷാനും സ്കൈയും തങ്ങളുടെ അര്‍ദ്ധ ശതകങ്ങള്‍ തികച്ചപ്പോള്‍ അവസാന ആറോവറിൽ മുംബൈയുടെ ലക്ഷ്യം 66 റൺസായി മാറി. 15ാം ഓവറിൽ ഇഷാന്‍ കിഷന്‍ അര്‍ഷ്ദീപിനെ കണക്കറ്റ് പ്രഹരിച്ചപ്പോള്‍ ഓവറിൽ നിന്ന് 21 റൺസ് വന്നു. ലക്ഷ്യം ഇതോടെ 30 പന്തിൽ വെറും 45 റൺസായിരുന്നു.

എന്നാൽ അടുത്ത ഓവറിൽ കനത്ത തിരിച്ചടിയാണ് മുംബൈ നേരിട്ടത്. 55 പന്തിൽ നിന്നുള്ള 116 റൺസ് കൂട്ടുകെട്ട് നഥാന്‍ എല്ലിസ് അവസാനിപ്പിക്കുകയായിരുന്നു. 31 പന്തിൽ 66 റൺസ് നേടിയ സൂര്യകുമാര്‍ യാദവിനെ പുറത്താക്കിയാണ് എല്ലിസ് ഈ കൂട്ടുകെട്ട് തകര്‍ത്തത്.

തൊട്ടടുത്ത ഓവറിൽ മുംബൈയ്ക്ക് രണ്ടാം പ്രഹരം ലഭിയ്ക്കുന്നതാണ് ഏവരും കണ്ടത്. 41 പന്തിൽ 75 റൺസ് നേടിയ ഇഷാന്‍ കിഷനെ അര്‍ഷ്ദീപ് പുറത്താക്കി. ഓവറിലെ അവസാന പന്തുകളിൽ രണ്ട് സിക്സും ഒരു ഫോറും നേടി തിലക് വര്‍മ്മ മുംബൈയെ വിജയത്തിന് 21 റൺസ് അടുത്തേക്ക് എത്തി.

തിലക് വര്‍മ്മ 10 പന്തിൽ 26 റൺസും ടിം ഡേവിഡ് പത്ത് പന്തിൽ 19 റൺസും നേടി പുറത്താകാതെ നിന്ന് മുംബൈയുടെ 6 വിക്കറ്റ് വിജയം സാധ്യമാക്കുകയായിരുന്നു.