കോഹ്‍ലിയുടെ കൈകള്‍ ചോര്‍ന്നപ്പോള്‍ ശതകം നേടി ലോകേഷ് രാഹുല്‍, 200 കടന്ന് പഞ്ചാബ്

വിരാട് കോഹ്‍ലിയുടെ കൈകള്‍ രണ്ട് തവണ ചോര്‍ന്നപ്പോള്‍ തന്റെ ഐപിഎല്‍ ശതകം നേടി ലോകേഷ് രാഹുല്‍. 62 പന്തില്‍ നിന്ന് ശതകം നേടിയ കെഎല്‍ രാഹുല്‍ 132 റണ്‍സാണ് നേടിയത്. 3 വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സാണ് കിംഗ്സ് ഇലവന്‍ പഞ്ചാബ് നേടിയത്. 69 പന്തില്‍ നിന്നാണ് രാഹുല്‍ പുറത്താകാതെ ഈ സ്കോര്‍ നേടിയത്. 14 ഫോറും 7 സിക്സുമാണ് ലോകേഷ് രാഹുല്‍ ഇന്നത്തെ ഇന്നിംഗ്സില്‍ നേടിയത്.

സ്റ്റെയിനിന്റെ ഓവറില്‍ ആദ്യം കോഹ്‍ലി ക്യാച്ച് കൈവിട്ടപ്പോള്‍ ലോകേഷ് രാഹുല്‍ 83 റണ്‍സിലായിരുന്നു. അടുത്ത ഓവറില്‍ സ്കോര്‍ 89ല്‍ നില്‍ക്കെ വീണ്ടും കോഹ്‍ലി നവ്ദീപ് സൈനിയുടെ ഓവറില്‍ ലോകേഷ് രാഹുലിന്റെ ക്യാച്ച് വീണ്ടും കൈവിട്ട ശേഷം രാഹുല്‍ സംഹാര താണ്ഡവമായി ആടുന്നതാണ് കണ്ടത്.

Mayankchahal
പവര്‍പ്ലേയില്‍ 50 റണ്‍സ് നേടിയ ഓപ്പണിംഗ് കൂട്ടുകെട്ടിനെ എന്നാല്‍ അടുത്ത ഓവറില്‍ യൂസുവേന്ദ്ര ചഹാല്‍ മടക്കുകായിയരുന്നു. 26 റണ്‍സ് നേടിയ മയാംഗിനെ ചഹാല്‍ പുറത്താക്കുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ 57 റണ്‍സാണ് രാഹുല്‍-മയാംഗ് കൂട്ടുകെട്ട് നേടിയത്. പിന്നീട് രാഹുലിന് കൂട്ടായി എത്തിയ നിക്കോളസ് പൂരനും നിലയുറപ്പിച്ചപ്പോള്‍ പത്തോവറില്‍ 90/1 എന്ന സ്കോറാണ് കിംഗ്സ് ഇലവന്‍ പഞ്ചാബ് നേടിയത്.

36 പന്തില്‍ നിന്ന് അര്‍ദ്ധ ശതകം നേടിയ ലോകേഷ് രാഹുല്‍ നവ്ദീപ് സൈനിയുടെ ഓവറില്‍ 14 റണ്‍സ് നേടി ആക്രമണത്തിന് തുടക്കം കുറിക്കുയാണെന്ന് തോന്നിയെങ്കിലും മറുവശത്ത് തന്റെ സ്പെല്ലിലെ ആദ്യ പന്തില്‍ തന്നെ നിക്കോളസ് പൂരനെ(17) പുറത്താക്കി ശിവം ഡുബേ റോയല്‍സിന് ബ്രേക്ക്ത്രൂ നല്‍കി.  57 റണ്‍സാണ് രണ്ടാം വിക്കറ്റിലും കിംഗ്സ് ഇലവന്‍ പഞ്ചാബ് നേടിയത്.

അതേ ഓവറില്‍ തന്നെ മാക്സ്വെല്ലില്‍ നിന്നും ശിവം ഡുബേ ഒരു അവസരം സൃഷ്ടിച്ചുവെങ്കിലും മികച്ചൊരു ഡ്രൈവിംഗ് ശ്രമം പവന്‍ നേഗി നടത്തിയെങ്കിലും അത് കൈപ്പിടിയിലൊതുക്കുവാന്‍ താരത്തിന് സാധിച്ചില്ല. ശിവം ഡുബേ എറിഞ്ഞ ഓവറില്‍ വെറും നാല് റണ്‍സാണ് പഞ്ചാബ് നേടിയത്. 14 ഓവറില്‍ ടീമിന്റെ സ്കോര്‍ 118/2 എന്ന നിലയിലായിരുന്നു.

എന്നാല്‍ തനിക്ക് ലഭിച്ച അവസരം മുതലാക്കുവാന്‍ ഗ്ലെന്‍ മാക്സ്വെല്ലിന് സാധിച്ചില്ല. ശിവം ഡുബേ തന്റെ അടുത്ത ഓവറില്‍ മാക്സ്വെല്ലിനെ(5) ആരോണ്‍ ഫിഞ്ചിന്റെ കൈകളിലെത്തിച്ച് പവലിയനിലേക്ക് മടക്കി. പിന്നീട് വിരാട് കോഹ്‍ലി രണ്ട് തവണ ലോകേഷ് രാഹുലിന്റെ ക്യാച്ച് കൈവിട്ടപ്പോള്‍ താരം അത് മുതലാക്കി തന്റെ ശതകം പൂര്‍ത്തിയാക്കി. നവ്ദീപ് സൈനിയും ഡെയില്‍ സ്റ്റെയിനും ശിവം ഡുബേയുമെല്ലാം എറിഞ്ഞ അവസാന ഓവറുകള്‍ ലോകേഷ് രാഹുലും കരുണ്‍ നായരും റണ്‍സടിച്ച് കൂട്ടുകയായിരുന്നു.

കരുണ്‍ നായര്‍ 15 റണ്‍സ് നേടി. അവസാന രണ്ടോവറില്‍ നിന്ന് 49 റണ്‍സാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ബൗളര്‍മാര്‍ വഴങ്ങിയത്. അവസാന പത്തോവറില്‍ 116 റണ്‍സാണ് കിംഗ്സ് ഇലവന്‍ പഞ്ചാബ് നേടിയത്.