എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് ഒരു നിശ്ചയവുമില്ല – കെഎല്‍ രാഹുല്‍

കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ ചേസിംഗിന് എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് യാതൊരു തരത്തിലുമുള്ള ഐഡിയ ഇല്ലെന്ന് പറഞ്ഞ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍. ഇന്നലെ അവസാന ഓവറില്‍ 2 റണ്‍സ് നേടേണ്ട ടീം അവസാന പന്തില്‍ മാത്രമാണ് വിജയം നേടിയത്. ഇതിന് മുമ്പും മൂന്നോളം മത്സരങ്ങളില്‍ വിജയത്തിന്റെ പടിവാതില്‍ക്കല്‍ നിന്ന് കിംഗ്സ് ഇലവന്‍ പഞ്ചാബ് തോല്‍വിയിലേക്ക് വീഴുകയും ചെയ്തിരുന്നു.

ഇന്നലെ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ ശേഷം സംസാരിക്കുകയായിരുന്നു ലോകേഷ് രാഹുല്‍. തന്റെ ഹൃദയമിടിപ്പ് ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നുവെന്നും തനിക്ക് ഇതിനെക്കുറിച്ച് പറയുവാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്നുമാണ് ലോകേഷ് രാഹുല്‍ അഭിപ്രായപ്പെട്ടത്.

സമ്മര്‍ദ്ദത്തിലായെങ്കിലും അവസാനം കടമ്പ കടക്കാനായതില്‍ തനിക്ക് ഏറെ സന്തേഷമുണ്ടെന്നും ഈ വിജയം ടീമിന്റെ ആത്മവിശ്വാസത്തിന് കരുത്ത് പകരുമെന്നും ലോകേഷ് രാഹുല്‍ വ്യക്തമാക്കി.