ഇത് പുതിയ ഷാര്‍ജ്ജ, ഒരു സിക്സ് പോലും നേടാനാകാതെ ഡല്‍ഹി

ഷാര്‍ജ്ജയിൽ കൊല്‍ക്കത്തയ്ക്കെതിരെ 127 റൺസ് മാത്രം നേടി ഡല്‍ഹി ക്യാപിറ്റൽസ്. ടോസ് നഷ്ടമായ ഡല്‍ഹി നായകന്‍ 150ന് അടുത്തുള്ള സ്കോറാണ് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞുവെങ്കിലും മികച്ച ബൗളിംഗ് പ്രകടനത്തിലൂടെ കൊല്‍ക്കത്ത പിടിമുറുക്കുകയായിരുന്നു.

39 റൺസ് വീതം നേടിയ സ്റ്റീവന്‍ സ്മിത്തും ഋഷഭ് പന്തുമാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍മാര്‍. 9 വിക്കറ്റുകളാണ് ഡല്‍ഹി ക്യാപിറ്റൽസിന് നഷ്ടമായത്.

മികച്ച ഫോമിലുള്ള ശിഖര്‍ ധവാന്‍ മികച്ച രീതിയിലാണ് തുടങ്ങിയതെങ്കിലും 24 റൺസ് നേടിയ ധവാന്റെ വിക്കറ്റ് ലോക്കി ഫെര്‍ഗൂസൺ നേടി. അധികം വൈകാതെ ശ്രേയസ്സ് അയ്യരുടെ വിക്കറ്റ് സുനിൽ നരൈന്‍ നേടിയതോടെ 35/0 എന്ന നിലയിൽ നിന്ന് ഡല്‍ഹി 40/2 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.

Kkrkolkata

പിന്നീട് സ്റ്റീവ് സ്മിത്തും ക്യാപ്റ്റന്‍ ഋഷഭ് പന്തും ചേര്‍ന്ന് കരുതലോടെ ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു.
പത്തോവര്‍ പിന്നിടുമ്പോള്‍ ഡൽഹി ക്യാപിറ്റൽസ് 64 റൺസ് മാത്രമാണ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ നേടിയത്. 37 റൺസ് നേടിയ കൂട്ടുകെട്ടിനെ സ്റ്റീവ് സ്മിത്തിന്റെ(39) വിക്കറ്റ് നേടി ലോക്കി ഫെര്‍ഗൂസൺ ആണ് അവസാനിപ്പിച്ചത്.

സ്മിത്ത് വീണ ശേഷം ഹെറ്റ്മ്യറെ വെങ്കിടേഷ് അയ്യര്‍ പുറത്താക്കിയപ്പോള്‍ ലളിത് യാദവിന്റെ വിക്കറ്റ് സുനിൽ നരൈന്‍ നേടി.
തൊട്ടടുത്ത ഓവറിൽ അക്സര്‍ പട്ടേലിനെ വെങ്കടേഷ് അയ്യര്‍ പുറത്താക്കിയപ്പോള്‍ 77/2 എന്ന നിലയിൽ നിന്ന് ഡൽഹി 92/6 എന്ന നിലയിലേക്ക് വീണു.

പിന്നീട് പന്തും അശ്വിനും ചേര്‍ന്ന് നേടിയ 28 റൺസാണ് മത്സരത്തിൽ പൊരുതാവുന്ന നിലയിലേക്ക് ഡല്‍ഹിയെ എത്തിച്ചത്. അവസാന ഓവറിലെ ആദ്യ പന്തിൽ അശ്വിനും തൊട്ടടുത്ത പന്തിൽ ഋഷഭ് പന്തും പുറത്താകുകയായിരുന്നു.

അവസാന ഓവറിൽ ഋഷഭ് പന്ത് റണ്ണൗട്ടാകുകയായിരുന്നു. ലോക്കി ഫെര്‍ഗൂസൺ, സുനില്‍ നരൈന്‍, വെങ്കടേഷ് അയ്യര്‍ എന്നിവര്‍ കൊല്‍ക്കത്തയ്ക്കായി രണ്ട് വീതം വിക്കറ്റ് നേടി.