മങ്കാഡിംഗ് ക്രിക്കറ്റില്‍ അനിവാര്യം, എന്നാല്‍ നിയമത്തില്‍ അവ്യക്തതയുണ്ട്, മനസ്സ് തുറന്ന് ജോസ് ബട്‍ലര്‍

ഐപിഎലില്‍ ഈ സീസണിലെ ആദ്യ വിവാദത്തിനു തിരി കൊളുത്തിയത് ജോസ് ബട്‍ലറിന്റെ പുറത്താകലായിരുന്നു. കിംഗ്സ് ഇലവന്‍ പഞ്ചാബ് നായകന്‍ രവിചന്ദ്രന്‍ അശ്വിന്‍ ബട‍്‍ലറെ മങ്കാഡ് ചെയ്ത് പുറത്താക്കിയതോടെ ചേസിംഗില്‍ രാജസ്ഥാന് താളം തെറ്റുകയും 185 റണ്‍സ് ലക്ഷ്യം ചേസ് ചെയ്യുകയായിരുന്നു ടീം 14 റണ്‍സിനു തോല്‍ക്കുകയും ചെയ്തു. സംഭവത്തിനു ശേഷം ക്രിക്കറ്റ് ലോകവും ആരാധകരും രണ്ടായി തിരിഞ്ഞ് സംഭവത്തെ വിശകലനം ചെയ്യുകയായിരുന്നു.

ഇപ്പോള്‍ ജോസ് ബട്‍ലറും ഈ വിഷയത്തില്‍ പ്രതികരിക്കുകയാണ്. താരം അന്ന് ഇത് സംഭവിക്കുമ്പോള്‍ തീര്‍ത്തും നിരാശനായിരുന്നുവെന്നും ആ ശൈലിയുള്ള പുറത്താക്കല്‍ ഇഷ്ടപ്പെട്ടിരുന്നില്ലെന്നുമാണ് തുറന്ന് പറയുന്നത്. ടൂര്‍ണ്ണമെന്റിന്റെ തുടക്കത്തില്‍ തന്നെ അത് ഒരു തെറ്റായ കീഴ്വഴക്കമാണെന്ന് തനിക്ക് തോന്നി. ടൂര്‍ണ്ണമെന്റിനു നിരാശാജനകമായൊരു തുടക്കം.

അതിനാല്‍ തന്നെ അത് താന്‍ അംഗീകരിക്കുകയും ചെയ്തില്ല അന്ന്, പക്ഷേ തനിക്ക് എന്ത് ചെയ്യാനാണ് ക്രിക്കറ്റ് നിയമത്തില്‍ എഴുതിവെച്ചൊരു നിയമമാണ് അത്. എന്നാല്‍ അതില്‍ തന്നെ ഏറെ കാര്യങ്ങള്‍ക്ക് വിശദീകരണമില്ല. എപ്പോളാണ് ഒരു ബൗളര്‍ ബോള്‍ റിലീസ് ചെയ്യണമെന്നതിലെല്ലാം അവ്യക്തതയുണ്ട്. എന്നാലും മങ്കാഡിംഗ് തീര്‍ച്ചയായും ആവശ്യമുള്ള കാര്യമാണെന്നാണ് താന്‍ കരുതുന്നത്. ഇല്ലെങ്കില്‍ ബാറ്റ്സ്മാന്മാര്‍ക്ക് യഥേഷ്ടം പിച്ചിന്റെ നടുവിലേക്ക് ഓടി ചെല്ലാവുന്നതേയുള്ളുവെന്നും ബട്‍ലര്‍ വ്യക്തമാക്കി.

സംഭവം കഴിഞ്ഞ് രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ താന്‍ വീണ്ടും സാധാരണ നിലയിലായി. ഇനി ഇത്തരം പുറത്താകല്‍ ആവര്‍ത്തിക്കില്ല എന്നൊരു തീരുമാനവും താന്‍ എടുത്തിട്ടുണ്ട്, അത് നടക്കില്ലെന്ന് തനിക്ക് ഉറപ്പാക്കണം.

എന്നാല്‍ തനിക്ക് ഏറ്റവും നിരാശ തോന്നിയത് ഇത് സംഭവിച്ച ശേഷമുള്ള മത്സരങ്ങളില്‍ താന്‍ ഇതിനെക്കുറിച്ച് ഏറെ ചിന്തിക്കുവാന്‍ തുടങ്ങിയെന്നും അത് തന്നെ അലട്ടുവാനും തുടങ്ങിയെന്നുമാണ് ജോസ് ബട്‍ലര്‍ വ്യക്തമാക്കുന്നത്.