ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടെ ബാറ്റിംഗ് പൊസിഷൻ മാറ്റണമെന്ന നിർദേശവുമായി മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. ധോണി ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി ബാറ്റ് ചെയ്യാൻ ഇറങ്ങുമ്പോൾ കുറച്ച് നേരത്തെ ഇറങ്ങണമെന്നും ഗാവസ്കർ പറഞ്ഞു.
ഐ.പി.എൽ പുരോഗമിക്കുമ്പോൾ ധോണി അഞ്ചാം സ്ഥാനത്തോ ആറാം സ്ഥാനത്താണോ ബാറ്റ് ചെയ്യണമെന്നും ആ പൊസിഷനിൽ ധോണിക്ക് മത്സരം കൂടുതൽ നിയന്ത്രിക്കാൻ കഴിയുമെന്നും ഗാവസ്കർ പറഞ്ഞു. ഇന്നലെ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ധോണി ഏഴാമനായി ആണ് ഇറങ്ങിയത്. മത്സരത്തിൽ രണ്ട് പന്ത് മാത്രം നേരിട്ട ധോണി റൺസ് ഒന്നും എടുക്കാതെ പുറത്താവുകയും ചെയ്തിരുന്നു.
കൂടാതെ ചെന്നൈ സൂപ്പർ കിങ്സിന്റെ മറ്റൊരു താരം സാം കരനും നേരത്തെ ബാറ്റ് ചെയ്യാൻ ഇറങ്ങണമെന്ന് ഗാവസ്കർ പറഞ്ഞു. കഴിഞ്ഞ വർഷത്തെ ഐ.പി.എല്ലിൽ ഇറങ്ങിയതുപോലെ മൂന്നാം സ്ഥാനത്തോ നാലാം സ്ഥാനത്തോ സാം കരൻ ഇറങ്ങണമെന്നും ഗാവസ്കർ പറഞ്ഞു.