ഫൈനലില്‍ സര്‍വ്വം ആര്‍സിബി മയം, വാഷിംഗ്ടൺ സുന്ദറിന്റെ ഫിഫ്റ്റി ഗുജറാത്തിനെ 155 റൺസിലെത്തിച്ചു

ഐപിഎൽ 2026ന്റെ ഫൈനലില്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഗുജറാത്തിന് ബാറ്റിംഗ് തകര്‍ച്ച. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഗുജറാത്തിനെ വെറും 155 റൺസിൽ ഒതുക്കി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തിൽ പിടിമുറുക്കി. വാഷിംഗ്ടൺ സുന്ദര്‍ നേടിയ ഫിഫ്റ്റിയാണ് ഗുജറാത്ത് സ്കോറിന് മാന്യത പകര്‍ന്നത്. 8 വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് ഈ സ്കോര്‍ നേടിയപ്പോള്‍ വാഷിംഗ്ടൺ സുന്ദര്‍ 50 റൺസുമായി പുറത്താകാതെ നിന്നു.

മികച്ച ഫോമിലുള്ള ഗുജറാത്ത് ഓപ്പണര്‍മാരായ ശുഭ്മന്‍ ഗില്ലിനെയും സായി സുദര്‍ശനെയും പവര്‍പ്ലേയ്ക്കുള്ളിൽ തന്നെ പുറത്താക്കി ആര്‍സിബി മത്സരത്തിൽ പിടിമുറുക്കുകയയാിരുന്നു. ഗിൽ 10 റൺസ് നേടി ഹാസൽവുഡിന് വിക്കറ്റ് നൽകി മടങ്ങിയപ്പോള്‍ 12 റൺസ് നേടിയ സായി സുദര്‍ശനെ ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കി.
പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 45/2 എന്ന നിലയിലായിരുന്ന ഗുജറാത്തിന് 20 റൺസ് നേടിയ നിഷാന്ത് സിന്ധുവിനെയാണ് അടുത്തതായി നഷ്ടമായത്. വാഷിംഗ്ടൺ സുന്ദറും പുറത്തായതോടെ ടീം 10 ഓവറിൽ 63/4 എന്ന നിലയിലായിരുന്നു.
എന്നാൽ ജേക്കബ് ഡഫി എറിഞ്ഞ ഓവറിലെ അവസാന പന്തിൽ ജോര്‍ഡന്‍ കോക്സ് നേടിയ ക്യാച്ച് ക്ലീന്‍ അല്ലെന്ന് റിപ്ലേയിൽ തെളിഞ്ഞതോടെ വാഷിംഗ്ടൺ സുന്ദറിന് ജീവന്‍ദാനം ലഭിച്ചു. 19 റൺസ് നേടിയ ജോസ് ബട്‍ലറെ ക്രുണാൽ പാണ്ഡ്യയുടെ ഓവറിൽ സ്റ്റംപിംഗിലൂടെ നഷ്ടമായപ്പോള്‍ ഗുജറാത്തിന് നാലാം വിക്കറ്റ് നഷ്ടമായി.
വാഷിംഗ്ടൺ സുന്ദര്‍ – അര്‍ഷദ് ഖാന്‍ കൂട്ടുകെട്ട് അഞ്ചാം വിക്കറ്റിൽ 26 റൺസ് നേടി ഗുജറാത്തിനെ നൂറിന് അടുത്തെത്തിച്ചുവെങ്കിലും ജോഷ് ഹാസൽവുഡ് ഈ കൂട്ടുകെട്ടിനെ തകര്‍ത്ത് ഗുജറാത്തിന്റെ അഞ്ചാം വിക്കറ്റ് നേടി.

രാഹുല്‍ തെവാത്തിയയെ റാസിഖ് സലാം ദാര്‍ പുറത്താക്കിയപ്പോള്‍ മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റ് നേടി. വാഷിംഗ്ടൺ സുന്ദര്‍ 37 പന്തിൽ 50 റൺസ് നേടിയാണ് ഗുജറാത്തിനെ വലിയ നാണക്കേടിൽ നിന്ന് രക്ഷപ്പെടുത്തിയത്.
ബെംഗളൂരുവിന് വേണ്ടി റാസിഖ് സലാം ദാര്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ജോഷ് ഹാസൽവുഡ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.