ആവേശം അവസാനം വരെ വന്ന മത്സരത്തിൽ വിജയം നേടി രാജസ്ഥാന്‍ റോയൽസ്. ഇന്ന് 147 റൺസിൽ പഞ്ചാബിനെ ഒതുക്കുവാന്‍ രാജസ്ഥാന് സാധിച്ചുവെങ്കിലും തകര്‍പ്പന്‍ ബൗളിംഗ് പ്രകടനത്തിലൂടെ പഞ്ചാബ് കിംഗ്സ് മത്സരത്തിലേക്ക് തിരികെ എത്തുകയായിരുന്നു. ഒരു ഘട്ടത്തിൽ രാജസ്ഥാന്‍ മത്സരം കൈവിടുമെന്ന സ്ഥിതിയിൽ നിന്ന് ഹെറ്റ്മ്യര്‍ – റോവ്മന്‍ പവൽ കൂട്ടുകെട്ട് ടീമിനെ തിരികെ മത്സരത്തിലേക്ക് എത്തിച്ചുവെങ്കിലും പവൽ പുറത്തായത് ടീമിന് തിരിച്ചടിയായി.
എന്നാൽ ഷിമ്രൺ ഹെറ്റ്മ്യര്‍ അവസാന ഓവറിൽ നേടിയ രണ്ട് സിക്സുകള്‍ ഉള്‍പ്പെടെ 10 പന്തിൽ നിന്ന് 27 റൺസ് നേടി രാജസ്ഥാന്റെ 3 വിക്കറ്റ് വിജയം 19.5 ഓവറിൽ സാധ്യമാക്കി.
56 റൺസാണ് രാജസ്ഥാന്‍ ഓപ്പണിംഗ് വിക്കറ്റിൽ നേടിയത്. തനുഷ് കോട്ടിയനെ പുറത്താക്കി ലിയാം ലിവിംഗ്സ്റ്റൺ ആണ് പഞ്ചാബിന് ആദ്യ വിക്കറ്റ് നേടിക്കൊടുത്തത്. 31 പന്തിൽ 24 റൺസായിരുന്നു കോട്ടിയന്‍ നേടിയത്. സഞ്ജുവും ജൈസ്വാളും രണ്ടാം വിക്കറ്റിൽ 26 റൺസ് കൂടി കൂട്ടിചേര്‍ത്തുവെങ്കിലും റബാഡ കൂട്ടുകെട്ട് തകര്‍ക്കുകയായിരുന്നു. 28 പന്തിൽ 39 റൺസ് നേടിയ ജൈസ്വാള്‍ ആണ് പുറത്തായത്.
തന്റെ സ്പെല്ലിലെ അവസാന ഓവറിൽ സഞ്ജു സാംസണെ പുറത്താക്കി കാഗിസോ റബാഡ തന്റെ സ്പെല്ലിൽ വെറും 18 റൺസ് വിട്ട് നൽകി 2 വിക്കറ്റ് നേടിയപ്പോള്‍ രാജസ്ഥാന്‍ 89/3 എന്ന നിലയിലായിരുന്നു. അവിടെ നിന്ന് ധ്രുവ് ജുറെലും റിയാന്‍ പരാഗും വലിയ ഷോട്ടുകള്‍ ഉതിര്‍ക്കുവാന്‍ പ്രയാസപ്പെട്ടപ്പോള്‍ മത്സരത്തിൽ അവസാന നാലോവറിൽ നിന്ന് രാജസ്ഥാന്‍ 43 റൺസായിരുന്നു നേടേണ്ടിയിരുന്നത്.
സാം കറന്റെ ഓവറിൽ ലിയാം ലിവിംഗ്സ്റ്റണും കറന്‍ ഒരു റിട്ടേൺ ക്യാച്ചും നഷ്ടപ്പെടുത്തിയപ്പോള്‍ തനിക്ക് ലഭിച്ച ജീവന്‍ ദാനം മുതലാക്കുവാന്‍ റിയാന്‍ പരാഗിന് സാധിക്കാതെ പോയപ്പോള്‍ അടുത്ത ഓവറിൽ താരം 18 പന്തിൽ 23 റൺസ് നേടി പുറത്തായി.
അതേ ഓവറിൽ ധ്രുവ് ജുറൈലിനെ കോട്ട് ബിഹൈന്‍ഡ് ആയി അമ്പയര്‍ വിധിച്ചുവെങ്കിലും റിവ്യൂവിലൂടെ താരം ആ തീരുമാനം തെറ്റാണെന്ന് സ്ഥാപിക്കുകയായിരുന്നു. ഇതോടെ അവസാന മൂന്നോവറിലെ രാജസ്ഥാന്റെ ലക്ഷ്യം 34 റൺസായി മാറി.
അടുത്ത ഓവറിൽ ജുറൈൽ വലിയ ഷോട്ട് ഉതിര്‍ക്കുവാന്‍ ശ്രമിച്ചുവെങ്കിലും മികച്ചൊരു ക്യാച്ചിലൂടെ ശശാങ്ക് സിംഗ് താരത്തെ പിടിച്ചു പുറത്താക്കിയപ്പോള്‍ ഹര്‍ഷൽ പട്ടേൽ രാജസ്ഥാന്റെ അഞ്ചാം വിക്കറ്റ് നേടി. വെറും 6 റൺസായിരുന്നു ജുറൈലിന്റെ സ്കോര്‍. അതേ ഓവറിലെ അവസാന രണ്ട് പന്തുകളിൽ ഒരു ഫോറും സിക്സും നേടി ഷിമ്രൺ ഹെറ്റ്മ്യര്‍ ലക്ഷ്യം 12 പന്തിൽ 20 ആക്കി മാറ്റി.
സാം കറന്‍ എറിഞ്ഞ 19ാം ഓവറിലെ ആദ്യ രണ്ട് പന്തുകള്‍ ബൗണ്ടറി കടത്തി റോവ്മന്‍ പവൽ രാജസ്ഥാന്റെ പക്ഷത്തേക്ക് കളി മാറ്റി. എന്നാൽ അടുത്ത പന്തിൽ പവലിനെ പുറത്താക്കി സാം കറന്‍ മത്സരം തിരികെ പഞ്ചാബ് പക്ഷത്തേക്ക് കൊണ്ടുവന്നു. 5 പന്തിൽ 11 റൺസായിരുന്നു റോവ്മന്‍ പവലിന്റെ സ്കോര്‍.
അതേ ഓവറിൽ കേശവ് മഹാരാജിന്റെ വിക്കറ്റും സാം കറന്‍ നേടിയതോടെ അവസാന ഓവറിൽ 10 റൺസായിരുന്നു രാജസ്ഥാന്‍ റോയൽസ് നേടേണ്ടിയിരുന്നത്. അവസാന ഓവറിലെ ആദ്യ രണ്ട് പന്തുകളിൽ മികച്ച യോര്‍ക്കര്‍ എറിഞ്ഞ റൺ വിട്ട് കൊടുക്കാതിരുന്ന അര്‍ഷ്ദീപിനെ മൂന്നാം പന്തിൽ സിക്സര്‍ പറത്തി ഷിമ്രൺ ഹെറ്റ്മ്യര്‍ ലക്ഷ്യം മൂന്ന് പന്തിൽ 4 ആക്കി മാറ്റി.
അടുത്ത പന്തിൽ രണ്ട് റൺസ് നേടി ഹെറ്റ്മ്യര്‍ ലക്ഷ്യം രണ്ട് പന്തിൽ രണ്ടാക്കി മാറ്റിയപ്പോള്‍ അഞ്ചാം പന്തിൽ സിക്സര്‍ പറത്തി ഹെറ്റ്മ്യര്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു.