ക്രെഡിറ്റ് ധോണിയ്ക്ക്, റുതുരാജിനൊപ്പം കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കുന്നതിൽ സന്തോഷം – ഡെവൺ കോൺവേ

Conwayruturaj

ടീമിലേക്ക് മടങ്ങിയെത്തിയ ശേഷം മികച്ച ഫോമിലാണ് ചെന്നൈയുടെ ന്യൂസിലാണ്ട് ഓപ്പണര്‍ ഡെവൺ കോൺവേ. റുതുരാജുമായി താന്‍ കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കുന്നത് ആസ്വദിക്കുകയാണെന്നും കാര്യങ്ങള്‍ ലളിതമായി കൈകാര്യം ചെയ്യുക എന്നതായിരുന്നു ഞങ്ങള്‍ തമ്മിലുള്ള ധാരണയെന്നും കോൺവേ വ്യക്തമാക്കി.

താന്‍ പലപ്പോഴും സ്വീപിന് ശ്രമിച്ച് പരാജയപ്പെടുന്നുണ്ടെന്നും കഴിഞ്ഞ മത്സരത്തിലും അത് സംഭവിച്ചപ്പോള്‍ തന്നോട് സ്ട്രെയിറ്റായിട്ട് കളിക്കുവാന്‍ പറഞ്ഞത് എംഎസ് ധോണിയാണെന്നും അദ്ദേഹത്തിന് അതിന്റെ ക്രെഡിറ്റ് അര്‍ഹിക്കുന്നുവെന്നും കോൺവേ കൂട്ടിചേര്‍ത്തു.

താന്‍ മൈക്ക് ഹസ്സിയുമായി സര്‍ഫസ് എങ്ങനെയെന്നും ഏതെല്ലാം ബൗളര്‍മാരെ ലക്ഷ്യം വയ്ക്കണമെന്നും ചര്‍ച്ച ചെയ്തിരുന്നുവെന്നും പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്കാരം വാങ്ങിയ ശേഷം ചെന്നൈ ഓപ്പണര്‍ പറഞ്ഞു.