എലീസ് പെറി ന്യൂസിലാണ്ട് പരമ്പരയില്‍ നിന്ന് പുറത്ത്

ന്യൂസിലാണ്ടിനെതിരെയുള്ള ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് എലീസ് പെറി പുറത്ത്. കഴിഞ്ഞ ലോകകപ്പിന് ശേഷം പരിക്കേറ്റ് കളിക്കളത്തിന് പുറത്തായിരുന്ന താരം ന്യൂസിലാണ്ടിനെതിരെയുള്ള പരമ്പരയില്‍ സ്ക്വാഡില്‍ സ്ഥാനം നേടിയെങ്കിലും മത്സരത്തിനായി ഇറങ്ങിയിരുന്നില്ല. മൂന്നാം ടി20യ്ക്ക് മുമ്പുള്ള പരിശീലനത്തിനിടെ വീണ്ടും താരം പരിക്കേറ്റതോടെ ഇനി ഏകദിന പരമ്പരയിലും താരം കളിക്കില്ലെന്ന് ടീം മാനേജ്മെന്റ് അറിയിച്ചു.

വരാനിരിക്കുന്ന വനിത ബിഗ് ബാഷ് ലീഗിലും താരം കളിയ്ക്കുന്ന കാര്യം സംശയത്തിലാണ്. ഈ പരമ്പരയില്‍ താരം കളിക്കുമെന്നാണ് കരുതിയതെങ്കിലും പരിശീലനത്തിനിടെയേറ്റ പരിക്ക് താരത്തിന്റെ സാധ്യതകളെ മാറ്റിയെന്ന് ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മെഗ് ലാന്നിംഗ് വ്യക്തമാക്കി. പെറിയുടെ റീഹാബ് നടപടികള്‍ തുടരുമെന്നും താരത്തിനെ വനിത ബിഗ് ബാഷിന്റെ സമയത്ത് പൂര്‍ണ്ണ സജ്ജയാക്കാനാകുമെന്നുമാണ് കരുതുന്നതെന്നും ലാന്നിംഗ് വ്യക്തമാക്കി.

ഓസ്ട്രേലിയയ്ക്കായി മാര്‍ച്ചില്‍ ന്യൂസിലാണ്ടിനെതിരെ ടി20 ലോകകപ്പിലാണ് എലീസ് പെറി അവസാനമായി കളിച്ചത്.