മക്കല്ലം തന്നോട് ആവശ്യപ്പെടുന്നത് ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യുവാന്‍ – ദിനേശ് കാര്‍ത്തിക്

അവിശ്വസനീയ ജയമാണ് കൊല്‍ക്കത്ത ഇന്നലെ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ നേടിയത്. ദിനേശ് കാര്‍ത്തിക് 29 പന്തില്‍ നേടിയ 58 റണ്‍സിന്റെ ബലത്തില്‍ 164 റണ്‍സ് നേടിയ കൊല്‍ക്കത്ത ബൗളര്‍മാര്‍ക്ക് പൊരുതുവാനുള്ള സ്കോര്‍ നല്‍കിയെന്ന് കരുതിയെങ്കിലും കിംഗ്സ് ഇലവന്‍ പഞ്ചാബ് ഓപ്പണര്‍മാരായ കെഎല്‍ രാഹുലും മയാംഗ് അഗര്‍വാളും 115 റണ്‍സ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ടുമായി മത്സരം കൊല്‍ക്കത്തയുടെ കൈകളില്‍ നിന്ന് തട്ടിയകറ്റിയെന്ന് തോന്നിപ്പിക്കുകയായിരുന്നു.

18 പന്തില്‍ 22 റണ്‍സെന്ന നിലയില്‍ നിന്ന് സുനില്‍ നരൈനും പ്രസിദ്ധ് കൃഷ്ണയും കൊല്‍ക്കത്തയുടെ മത്സരത്തിലേക്കുള്ള തിരിച്ചുവരവ് സാധ്യമാക്കി ടീമിനെ 2 റണ്‍സ് വിജയത്തിലേക്ക് നയിച്ചപ്പോളും തന്റെ ഇന്നിംഗ്സിന്റെ ബലത്തില്‍ പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടിയത് ദിനേശ് കാര്‍ത്തിക് ആയിരുന്നു.

തന്നോട് കോച്ച് ബ്രണ്ടന്‍ മക്കല്ലം ബാറ്റിംഗ് ഓര്‍ഡറില്‍ നേരത്തെ ഇറങ്ങുവാനാണ് പറയുന്നതെങ്കിലും താന്‍ മധ്യനിരയിലാണ് കൂടുതല്‍ സന്തോഷവാനെന്നും ഫലപ്രദവുമെന്നാണ് തന്റെ തോന്നലെന്നും കൊല്‍ക്കത്ത നായകന്‍ വ്യക്തമാക്കി. ടീമിന്റെ വിജയത്തിന് തനിക്ക് സംഭാവന നല്‍കുവാനാകുന്നതിന് കാരണം മക്കല്ലമാണെന്നാണ് താന്‍ പറയുന്നതെന്നും അതിന്റെ ക്രെഡിറ്റ് മുന്‍ ന്യൂസിലാണ്ട് താരത്തിനാണെന്നും കാര്‍ത്തിക് സൂചിപ്പിച്ചു.