പൃഥ്വി ഷായുടെ വെടിക്കെട്ട് ബാറ്റിംഗിന് ശേഷം ലക്നൗവിന്റെ തിരിച്ചുവരവ്

പൃഥ്വി ഷാ നല്‍കിയ വെടിക്കെട്ട് ബാറ്റിംഗ് തുടക്കത്തിന്റെ ബലത്തിൽ 149 റൺസ് നേടി ഡൽഹി ക്യാപിറ്റൽസ്. ഒരു വശത്ത് വാര്‍ണറെ കാഴ്ചക്കാരനാക്കി പൃഥ്വി ഷാ അതിവേഗത്തിൽ സ്കോറിംഗ് നടത്തിയപ്പോള്‍ ഡൽഹി 200ന് അടുത്തുള്ള സ്കോര്‍ നേടുമെന്നാണ് ഏവരും കരുതിയത്.

34 പന്തിൽ നിന്ന് പൃഥ്വി 61 റൺസ് നേടിയപ്പോള്‍ മറ്റ് ഡൽഹി താരങ്ങള്‍ 86 പന്തിൽ നിന്ന് 88 റൺസാണ് നേടിയത്. പവര്‍പ്ലേ അവസാനിച്ച ശേഷം ലക്നൗ സ്പിന്നര്‍മാര്‍ മത്സരത്തിൽ പിടിമുറുക്കുന്നതാണ് കാണാനായത്.

ഷായുടെ വിക്കറ്റിന് ശേഷം രണ്ട് വിക്കറ്റ് കൂടി രവി ബിഷ്ണോയി നേടിയപ്പോള്‍ 67/0 എന്ന നിലയിൽ നിന്ന് ഡല്‍ഹി 74/3 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.

Prithvishaw

പൃഥ്വി ഷായെ കൃഷ്ണപ്പ ഗൗതം ആണ് പുറത്താക്കിയത്. പിന്നീട് നാലാം വിക്കറ്റിൽ ഋഷഭ് പന്തും സര്‍ഫ്രാസ് ഖാനും ചേര്‍ന്ന് ടീമിനെ 75 റൺസ് കൂട്ടുകെട്ടിന്റെ ബലത്തിൽ മുന്നോട്ട് നയിച്ചു.

ഋഷഭ് പന്ത് തുടക്കത്തിൽ സ്പിന്നര്‍മാരെ നേരിടുവാന്‍ ബുദ്ധിമുട്ടിയെങ്കിലും വിക്കറ്റ് നഷ്ടപ്പെടുത്താതെ ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. പന്ത് 39 റൺസും സര്‍ഫ്രാസ് 36 റൺസും നേടിയപ്പോളും ഇരുവര്‍ക്കും അതിവേഗത്തിൽ സ്കോറിംഗ് നടത്താനാകാതെ പോയത് ടീമിന് തിരിച്ചടിയായി.

Exit mobile version