തുടക്കം സാം കറന്‍, ഒടുക്കം രവീന്ദ്ര ജഡേജ, ചെന്നൈയ്ക്ക് മികച്ച സ്കോര്‍

സാം കറന്‍ നല്‍കിയ മിന്നും തുടക്കത്തിന് ശേഷം അമ്പാട്ടി റായിഡുവും ഷെയിന്‍ വാട്സണും ഇന്നിംഗ്സ് മുന്നോട്ട് നയിച്ചപ്പോള്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് എംഎസ് ധോണിയും സാം കറനും. ഈ ഓള്‍റൗണ്ട് ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് നേടിയത്.

സാം കറനെ ഇറക്കി തുടക്കം പൊലിപ്പിക്കുവാനുള്ള ശ്രമം ചെന്നൈയ്ക്ക് ഒരു പരിധി വരെ വിജയിക്കുകയായിരുന്നു. എന്നാല്‍ ഫാഫ് ഡു പ്ലെസിയെ(0) ടീമിന് തുടക്കത്തില്‍ തന്നെ നഷ്ടമായി. 5ാം ഓവറില്‍ സാം കറനെയും പുറത്താക്കി സന്ദീപ് ശര്‍മ്മ മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റ് നേടി. 21 പന്തില്‍ നിന്ന് 31 റണ്‍സ് നേടിയാണ് സാം കറന്‍ മടങ്ങിയത്.

Sam Curran

ഖലീല്‍ അഹമ്മദിന്റെ ഓവറില്‍ ആദ്യ രണ്ട് പന്തില്‍ രണ്ട് ഫോറും മൂന്നാം പന്തില്‍ സിക്സും നേടിയ കറന്‍ ഓവര്‍ അവസാനിപ്പിച്ചത് സിക്സോടു കൂടിയായിരുന്നു. താരം അപകടകാരിയായി മാറുമെന്ന ഘട്ടത്തിലാണ് സന്ദീപ് ശര്‍മ്മ താരത്തെ മടക്കിയത്.

Sandeep Sharma

പത്തോവര്‍ അവസാനിച്ചപ്പോള്‍ 69 റണ്‍സാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് നേടിയത്. രണ്ടാം ടൈം ഔട്ടിനായി ടീമുകള്‍ പിരിയുമ്പോള്‍ 102/2 എന്ന നിലയിലായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്സ്. മൂന്നാം വിക്കറ്റില്‍ 81 റണ്‍സാണ് റായിഡുവും ഷെയിന്‍ വാട്സണും ചേര്‍ന്ന് നേടിയത്. അവസാന ഓവറുകളില്‍ റണ്‍റേറ്റ് ഉയര്‍ത്തുവാനുള്ള ശ്രമത്തിലാണ് റായിഡു പുറത്തായത്. 34 പന്തില്‍ 41 റണ്‍സ് നേടിയ താരത്തെ ഖലീല്‍ അഹമ്മദിന്റെ പന്തില്‍ സണ്‍റൈസേഴ്സ് നായകന്‍ ഡേവിഡ് വാര്‍ണര്‍ ലോംഗ് ഓഫില്‍ പിടിച്ചാണ് പുറത്താക്കിയത്.

Ambati Rayudu Shane Watson

റായിഡു പുറത്തായ ഓവറില്‍ വെറും മൂന്ന് റണ്‍സാണ് ഖലീല്‍ വിട്ട് നല്‍കിയത്. തൊട്ടടുത്ത ഓവറില്‍ ഷെയിന്‍ വാട്സണെയും ചെന്നൈ സൂപ്പര്‍ കിംഗ്സിന് നഷ്ടമാകുകയായിരുന്നു. 38 പന്തില്‍ 42 റണ്‍സാണ് വാട്സണ്‍ നേടിയത്. മനീഷ് പാണ്ടേ വാട്സണിന്റെ ക്യാച്ച് പൂര്‍ത്തിയാക്കിയപ്പോള്‍ ടി നടരാജന് മത്സരത്തിലെ ആദ്യ വിക്കറ്റ് ലഭിച്ചു.

116/2 എന്ന നിലയില്‍ നിന്ന് 120/4 എന്ന നിലയിലേക്ക് വീണ ശേഷം രവീന്ദ്ര ജഡേജയും എംഎസ് ധോണിയും ചേര്‍ന്നാണ് ചെന്നൈയെ 150 റണ്‍സ് കടക്കുവാന്‍ സഹായിച്ചത്. 19ാം ഓവറിന്റെ അവസാന പന്തില്‍ ധോണി പുറത്താകുമ്പോള്‍ ധോണി 13 പന്തില്‍ നിന്ന് 21 റണ്‍സാണ് നേടിയത്. കൂട്ടുകെട്ട് 32 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ നേടിയത്.

Srh

നടരാജനാണ് ധോണിയുടെ വിക്കറ്റ് ലഭിച്ചത്. അടുത്ത ഓവറിലെ ആദ്യ പന്തില്‍ ഡ്വെയിന്‍ ബ്രാവോയെ ഗോള്‍ഡന്‍ ഡക്കിന് പുറത്താക്കിയ ഖലീല്‍ അഹമ്മദിനെ രവീന്ദ്ര ജഡേ ഒരു സിക്സും ഫോറും നേടിയപ്പോള്‍ മികച്ച സ്കോറിലേക്ക് ചെന്നൈ നീങ്ങുകയായിരുന്നു.

പത്ത് പന്തില്‍ നിന്ന് 25 റണ്‍സാണ് രവീന്ദ്ര ജഡേജ നേടിയത്. 250 റണ്‍സ് സ്ട്രൈക്ക് റേറ്റിലാണ് രവീന്ദ്ര ജഡേജ ബാറ്റ് വീശിയത്. സണ്‍റൈസേഴ്സിന് വേണ്ടി സന്ദീപ് ശര്‍മ്മ 19 റണ്‍സ് വിട്ട് നല്‍കിയാണ് രണ്ട് വിക്കറ്റ് നേടിയത്. ധോണിയുടെ ക്യാച്ച് റിട്ടേണ്‍ ബൗളിംഗില്‍ കൈവിട്ടില്ലായിരുന്നുവെങ്കില്‍ താരത്തിന് മൂന്ന് വിക്കറ്റ് ലഭിച്ചേനെ. ഖലീല്‍ അഹമ്മദും ടി നടരാജനും 2 വീതം വിക്കറ്റ് നേടി.