വിസ റെഡിയായില്ല, മോയിന്‍ അലിയുടെ ഇന്ത്യന്‍ യാത്ര വൈകുന്നു

ചെന്നൈ സൂപ്പര്‍ കിംഗ്സിന് തലവേദനയായി ഓള്‍റൗണ്ടര്‍ മോയിന്‍ അലിയുടെ വിസ പ്രശ്നം. താരത്തിന് ഇതുവരെ യുകെയിലെ ഇന്ത്യന്‍ ഹൈ കമ്മീഷനിൽ നിന്ന് ക്ലിയറന്‍സ് ലഭിച്ചില്ലെന്നാണ് അറിയുന്നത്. എട്ട് കോടി രൂപയ്ക്ക് ചെന്നൈ നിലനിര്‍ത്തിയ താരം ഫെബ്രുവരി 28ന് വിസയ്ക്കായി അപേക്ഷ നൽകിയെന്നാണ് അറിയുന്നത്.

ഇന്ത്യയിലേക്ക് നിത്യ സന്ദര്‍ശകനാണെങ്കിലും താരത്തിന്റെ വിസ കാലതാമസം സൃഷ്ടിക്കുന്നത് എന്ത് കൊണ്ടാണെന്ന് അറിയില്ലെന്നും ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഇഒ കാശി വിശ്വനാഥ് അറിയിച്ചു.

മാര്‍ച്ച് 26ന് വാങ്കഡേ സ്റ്റേഡിയത്തിൽ കൊല്‍ക്കത്തയ്ക്കെതിരെ ആണ് ചെന്നൈയുടെ ആദ്യ മത്സരം. ബിസിസിഐയും വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെന്നും പേപ്പറുകള്‍ തിങ്കളാഴ്ച തയ്യാറാകുമെന്നാണ് കരുതുന്നതെന്നും കാശി വ്യക്തമാക്കി.