ഒന്നിൽ പിഴച്ചാൽ മൂന്ന്! ഗോവയിൽ കപ്പ് കേരളം അടിക്കും – ഐ.എം വിജയൻ

ഗോവയിൽ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം കേരള ബ്ലാസ്റ്റേഴ്‌സ് ഉയർത്തും എന്ന പ്രത്യാശ പങ്ക് വച്ച് ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം ഐ.എം വിജയൻ. മലയാളത്തിലെ ചൊല്ലു പോലെ ഒന്നിൽ പിഴച്ചാൽ മൂന്നു എന്ന പോലെ മൂന്നാം ഫൈനലിൽ കേരളം കപ്പ് ഉയർത്തും എന്നു അദ്ദേഹം പറഞ്ഞു. കേരള ടീമുകൾ കേരളത്തിൽ മാത്രമേ കപ്പ് നേടുകയുള്ളൂ എന്ന ആളുകളുടെ ചിന്ത തെറ്റിച്ചു ഗോവയിൽ വച്ചു കേരളം കപ്പ് ഉയർത്തും എന്നു അദ്ദേഹം പറഞ്ഞു. ഗോവയിൽ കിരീടം നേടാനുള്ള കഴിവ് കേരളത്തിനു ഉണ്ട് എന്ന് പറഞ്ഞ അദ്ദേഹം ബ്ലാസ്റ്റേഴ്‌സ് ഉറപ്പായിട്ടും ഇത്തവണ കപ്പ് നേടണം എന്നും കൂട്ടിച്ചേർത്തു.

എപ്പോഴും നാട്ടിൽ നിന്ന് മാറി ഫൈനൽ കളിക്കുമ്പോഴും കപ്പ് നേടാൻ ശ്രമിക്കുമ്പോഴും കടുത്ത സമ്മർദ്ദം ആയിരിക്കും ഉണ്ടാവുക എന്നു പറഞ്ഞ അദ്ദേഹം താൻ കളിക്കുമ്പോഴും അത് അങ്ങനെ ആയിരുന്നു എന്ന് ഓർമ്മിപ്പിച്ചു. സെമിഫൈനലുകളിൽ നന്നായി കളിച്ച ബ്ലാസ്റ്റേഴ്‌സ് ആ പ്രകടനവും മികവും ഫൈനലിലും ആവർത്തിക്കും എന്നാണ് തന്റെ പ്രതീക്ഷ എന്നും ഐ.എം വിജയൻ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്‌സിന് പിന്തുണയും ആയി ഫൈനൽ കാണാൻ ഗോവയിൽ ആണ് ഐ.എം വിജയൻ ഇപ്പോൾ.