വിന്റേജ് ഉത്തപ്പ!!! ചെന്നൈയുടെ ബാറ്റിംഗ് ആറാടുകയാണ്

Sports Correspondent

ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ ബാറ്റിംഗ് മികവ് പുലര്‍ത്തി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഇന്ന് ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്കായി ആദ്യ രണ്ട് പന്തിൽ തന്നെ ബൗണ്ടറി നേടി റോബിന്‍ ഉത്തപ്പ തുടങ്ങിയപ്പോള്‍ തുടര്‍ന്നങ്ങോട്ട് അതിന്റെ തുടര്‍ച്ചയാണ് കണ്ടത്.

റുതുരാജ് ഗായക്വാഡ് റണ്ണൗട്ടായി പുറത്തായെപ്പോള്‍ ചെന്നൈ 28 റൺസാണ് ആദ്യ വിക്കറ്റിൽ നേടിയത്. ഇതിൽ 1 റൺസായിരുന്നു റുതുരാജിന്റെ സംഭാവന. റോബിന് കൂട്ടായി എത്തിയ മോയിന്‍ അലിയും അടിച്ച് തകര്‍ത്തപ്പോള്‍ ചെന്നൈ കുതിയ്ക്കുന്ന കാഴ്ചയാണ് കണ്ടത്.

27 പന്തിൽ 50 റൺസ് നേടി റോബിന്‍ ഉത്തപ്പ പുറത്താകുമ്പോള്‍ രണ്ടാം വിക്കറ്റിൽ താരം മോയിന്‍ അലിയുമായി 56 റൺസ് കൂട്ടിചേര്‍ത്തിരുന്നു. 22 പന്തിൽ 35 റൺസ് നേടിയ മോയിന്‍ അലിയുടെ വിക്കറ്റ് അവേശ് ഖാന്‍ നേടിയപ്പോളേക്കും 10.1 ഓവറിൽ ചെന്നൈ 106 റൺസ് നേടിയിരുന്നു.

അതിന് ശേഷം ക്രീസിലെത്തിയ ശിവം ഡുബേയും അമ്പാട്ടി റായിഡുവും അതിവേഗത്തിൽ തന്നെ സ്കോറിംഗ് മുന്നോട്ട് കൊണ്ടുപോയപ്പോള്‍ നാലാം വിക്കറ്റിൽ ഇവര്‍ 37 പന്തിൽ 60 റൺസ് നേടി. 27 റൺസ് നേടിയ റായിഡുവിന്റെ വിക്കറ്റ് വീഴ്ത്തി രവി ബിഷ്ണോയി ആണ് കൂട്ടുകെട്ട് തകര്‍ത്തത്.

30 പന്തിൽ 49 റൺസ് നേടി ശിവം ഡുബേയും മികച്ച രീതിയിൽ ബാറ്റ് വീശിയ ശേഷമാണ് പവലിയനിലേക്ക് മടങ്ങിയത്. അവേശ് ഖാനാണ് വിക്കറ്റ് ലഭിച്ചത്. രവീന്ദ്ര ജഡേജ 9 പന്തിൽ 17 റൺസും എംഎസ് ധോണി 16 റൺസും നേടിയപ്പോള്‍ ചെന്നൈ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 210 റൺസ് നേടി.