രാജസ്ഥാന്റെ നടുവൊടിച്ച് കോള്‍ട്ടര്‍-നൈലും ജെയിംസ് നീഷവും

നിര്‍ണ്ണായകമായ ഐപിഎൽ മത്സരത്തിൽ രാജസ്ഥാന്‍ റോയല്‍സിന് ബാറ്റിംഗിൽ തിരിച്ചടി. ഇന്നത്തെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നേടിയത് വെറും 90 റൺസ്. 9 വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാന്റെ ഈ സ്കോര്‍. നഥാന്‍ കോള്‍ട്ടര്‍-നൈൽ 4 വിക്കറ്റ് നേടിയപ്പോള്‍ ജെയിംസ് നീഷം മൂന്ന് വിക്കറ്റുമായി രാജസ്ഥാന്‍ റോയൽസിന്റെ മധ്യനിരയെ തകര്‍ക്കുകയായിരുന്നു.

Jamesneesham

പതിവ് പോലെ മികച്ച തുടക്കം എവിന്‍ ലൂയിസും യശസ്വി ജൈസ്വാളും രാജസ്ഥാന് നല്‍കിയെങ്കിലും ഇരുവര്‍ക്കും അധിക സമയം ക്രീസിൽ സമയം ചെലവഴിച്ചില്ല. ജൈസ്വാളിനെ കോള്‍ട്ടര്‍-നൈലും എവിന്‍ ലൂയിസിനെ ബുംറയും പുറത്താക്കിയപ്പോള്‍ രാജസ്ഥാന്‍ 41/2 എന്ന നിലയിലായിരുന്നു.

പിന്നീട് 50/5 എന്ന നിലയിലേക്ക് രാജസ്ഥാന്‍ വീഴുകയായിരുന്നു. 21 റൺസ് ആറാം വിക്കറ്റിൽ രാഹുല്‍ തെവാത്തിയയും ഡേവിഡ് മില്ലറും നേടിയെങ്കിലും 12 റൺസ് നേടിയ തെവാത്തിയയെ നീഷം പുറത്താക്കി തന്റെ മൂന്നാം വിക്കറ്റ് നേടി. തന്റെ നാലോവറിൽ 12 റൺസ് മാത്രമാണ് താരം വിട്ട് നല്‍കിയത്.

നഥാന്‍ കോള്‍ട്ടര്‍-നൈൽ 4 ഓവറിൽ 14 റൺസ് വിട്ട് നല്‍കിയാണ് 4 വിക്കറ്റ് നേടിയത്. ജസ്പ്രീത് ബുംറ 2 വിക്കറ്റ് നേടി.