ആർ.സി.ബിക്ക് വേണ്ടി കളി മാറ്റിയത് ചഹാൽ: വിരാട് കോഹ്‌ലി

ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി കളി മാറ്റിയത് സ്പിന്നർ യുസ്‌വേന്ദ്ര ചഹാൽ ആണെന്ന് ആർ.സി.ബി ക്യാപ്റ്റൻ വിരാട് കോഹ്‌ലി. മത്സരത്തിൽ മികച്ച ബൗളിംഗ് മികവിൽ 10 റൺസിന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ സൺറൈസേഴ്‌സ് ഹൈദരാബാദിനെ തോൽപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം സൺറൈസേഴ്‌സിനെതിരെ തന്റെ ടീം പരാജയപ്പെട്ടിരുന്നെന്നും എന്നാൽ ഇത്തവണ വിജയിക്കാനായെന്നും വിരാട് കോഹ്‌ലി പറഞ്ഞു. ചഹാൽ ബൗൾ ചെയ്യാൻ വന്നതോടെ കളി മാറിയെന്നും കഴിവുണ്ടെങ്കിലും ഏതു പിച്ചിലും വിക്കറ്റ് നേടാമെന്ന് ചഹാൽ തെളിയിച്ചെന്നും വിരാട് കോഹ്‌ലി പറഞ്ഞു.

മത്സരത്തിൽ ഒരു ഘട്ടത്തിൽ 2 വിക്കറ്റ് നഷ്ടത്തിൽ 121 റൺസ് എന്ന നിലയിൽ നിന്ന് അവിശ്വസനീയമായ രീതിയിൽ 153 റൺസിന് സൺറൈസേഴ്‌സ് ഓൾ ഔട്ട് ആവുകയായിരുന്നു. 4 ഓവറിൽ വെറും 18 റൺസ് വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തിയ ചഹാൽ ആണ് സൺറൈസേഴ്‌സിന്റെ തകർച്ചക്ക് വഴിയൊരുക്കിയത്. മനീഷ് പാണ്ഡെ, ബെയർസ്‌റ്റോ, വിജയ് ശങ്കർ എന്നിവരുടെ വിക്കറ്റുകളാണ് ചഹാൽ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ 5 വിക്കറ്റ് നഷ്ടത്തിൽ 163 റൺസാണ് നേടിയത്. തുടർന്ന് ബാറ്റ് ചെയ്ത സൺറൈസേഴ്‌സ് 153 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു.