ക്യാപ്റ്റന്‍സി ജഡേജയുടെ കളിയെ ബാധിക്കുന്നുവെന്ന് തോന്നി – എംഎസ് ധോണി

ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം രവീന്ദ്ര ജഡേജ ക്യാപ്റ്റന്‍സി തിരികെ എംഎസ് ധോണിയ്ക്ക് തിരിച്ച് നൽകിയിരുന്നു. കളിയി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാനാണ് ഈ തീരുമാനം എന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് പത്രക്കുറിപ്പിൽ വ്യക്തമാക്കിയത്. ക്യാപ്റ്റന്‍സിയിലേക്ക് മടങ്ങിയെത്തിയ ധോണി വിജയവുമായി തന്നെ തുടങ്ങുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം തന്നെ ജഡേജയ്ക്ക് ഈ സീസണിൽ തന്നെ തേടി ക്യാപ്റ്റന്‍സി എത്തുമെന്ന് അറിയാമായിരുന്നുവെന്നും ആദ്യ രണ്ട് മത്സരങ്ങളിൽ തന്റെ സഹായം താരത്തിനുണ്ടായിരുന്നുവെങ്കിലും പിന്നീട് താരം സ്വയം കാര്യങ്ങള്‍ പഠിക്കുവാനായി താന്‍ കാര്യമായ ഇടപെടലുകള്‍ നടത്തിയിരുന്നില്ലെന്നും ധോണി പറഞ്ഞു.

എന്നാൽ ക്യാപ്റ്റന്‍സി താരത്തിന്റെ കളിയെ ബാധിക്കുന്നുവെന്ന് താരത്തിനും തോന്നി തുടങ്ങിയതോടെയാണ് ഈ മാറ്റത്തിന് ഏവരും മുതിര്‍ന്നതെന്നും ധോണി കൂട്ടിചേര്‍ത്തു. രവീന്ദ്ര ജഡേജയെന്ന ബൗളര്‍, ബാറ്റ്സ്മാന്‍, ഫീൽഡറെയാണ് ഫ്രാഞ്ചൈസി കൂടുതൽ കാണുവാന്‍ ആഗ്രഹിക്കുന്നതെന്നും അതിന് ക്യാപ്റ്റന്‍സി തടസമാണെങ്കിൽ അത് ഒഴിയുന്നതാണ് നല്ലതെന്നും ധോണി സൂചിപ്പിച്ചു.