ബൗളിംഗിന് പറ്റിയ സമയമെന്ന് തോന്നി, ഡിക്ലറേഷനെക്കുറിച്ച് പുജാര

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

രണ്ടാം ദിവസം അധികം ബാറ്റ് ചെയ്യാതെ ഇന്ത്യ ഡിക്ലറേഷന് തുനിഞ്ഞപ്പോള്‍ അതില്‍ വലിയ അത്ഭുതമൊന്നും ആര്‍ക്കും തോന്നിക്കാണില്ല. 9 വിക്കറ്റുകള്‍ നഷ്ടമായ ടീം 347 റണ്‍സാണ് നേടിയത്. ക്രീസിലുള്ളത് 17 റണ്‍സ് നേടിയ വൃദ്ധിമന്‍ സാഹയും 10 റണ്‍സുമായി മുഹമ്മദ് ഷമിയും. അവസാന വിക്കറ്റ് വീഴുന്നത് വരെ ഇന്ത്യ ബാറ്റ് ചെയ്യുമെന്ന് ചിലര്‍ കരുതിയെങ്കിലും കോഹ്‍ലിയുടെ ചിന്ത വേറെയായിരുന്നു.

വൈകുന്നേരം 5 മണിയോടെ ഇന്ത്യയുടെ ഡിക്ലറേഷന്‍ എത്തുമ്പോള്‍ ടീമിന്റെ ലീഡ് 241 റണ്‍സ്. ആദ്യ ഇന്നിംഗ്സില്‍ 106 റണ്‍സിന് ഓള്‍ഔട്ട് ആയ ബംഗ്ലാദേശിന് അത് വലിയ സ്കോറായിരുന്നു. പ്രതീക്ഷിച്ചത് പോലെ രണ്ടാംദിവസം അവസാനിക്കുമ്പോള്‍ ബംഗ്ലാദേശ 152/6 എന്ന നിലയില്‍ പരുങ്ങലിലാണ്.

മധ്യ നിരയില്‍ മുഷ്ഫിക്കുര്‍ റഹിമും(59*) പരിക്കേറ്റ് മടങ്ങേണ്ടി വന്ന മഹമ്മദുള്ളയും(39) മാത്രമാണ് മികച്ച രീതിയില്‍ ബാറ്റ് വീശിയത്. ഇഷാന്ത് ശര്‍മ്മയ്ക്ക് മുന്നില്‍ ബംഗ്ലാദേശ് ടോപ് ഓര്‍ഡര്‍ തകര്‍ന്നപ്പോള്‍ കോഹ്ലിയുടെ തീരുമാനം ശരിയെന്ന് വ്യക്തമാകുകയായിരുന്നു.

ബൗളിംഗിന് ഏറ്റവും അനുയോജ്യമായ സമയമാണെന്ന് ടീമിന് തോന്നിയതിനാലാണ് ഈ ഡിക്ലറേഷന്‍ തീരുമാനമെന്നാണ് ചേതേശ്വര്‍ പുജാര വ്യക്തമാക്കിയത്. ബോള്‍ നല്ല രീതിയില്‍ സ്വിംഗ് ചെയ്യുന്നുണ്ടായിരുന്നു, കൂടാതെ ലൈറ്റിന് കീഴില്‍ ബാറ്റ് ചെയ്യുന്നത് പ്രയാസകരമായിരുന്നു.

അത് കൂടാതെ ലൈറ്റും പിങ്ക് ബോളും ബാറ്റ്സ്മാന്മാര്‍ക്ക് കാര്യം കൂടുതല്‍ പ്രയാസകരമാക്കുമെന്നും തങ്ങള്‍ മനസ്സിലാക്കിയെന്ന് പുജാര പറഞ്ഞു.

ബംഗ്ലാദേശ് ന്യൂ ബോള്‍ എടുത്ത് ഇന്ത്യന്‍ വാലറ്റത്തെ വീഴ്ത്തി മുന്നേറുമ്പോളായിരുന്നു ഇന്ത്യയുടെ ഡിക്ലറേഷന്‍. ന്യു ബോളില്‍ ബംഗ്ലാദേശ് ബൗളര്‍മാര്‍ക്ക് ലഭിച്ച പിന്തുണ ശ്രദ്ധിച്ചാവാം കോഹ്‍ലിയുടെ ഈ തീരുമാനം എന്നും വിലയിരുത്തപ്പെടാവുന്നതാണ്.