എട്ട് വിക്കറ്റ് നഷ്ടമായെങ്കിലും വിജയം കൈവിടാതെ ഇന്ത്യ

ടി20യിലും ഒരോവര്‍ മാത്രം അധികമുണ്ടായ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക എയ്ക്കെതിരെ 2 വിക്കറ്റിന്റെ പൊരുതി നേടിയ വിജയവുമായി ഇന്ത്യ എ ടീം. ഇഷാന്‍ കിഷന്‍ 24 പന്തില്‍ നിന്ന് 5 ഫോറും 4 സിക്സും സഹിതം തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബിലെ കാണിക്കള്‍ക്ക് ബാറ്റിംഗ് വിരുന്നൊരുക്കിയപ്പോള്‍ അവസാന പന്തിലാണ് ഇന്ത്യയുടെ വിജയം. 15 പന്തില്‍ നിന്ന് 23 റണ്‍സ് നേടിയ ക്രുണാല്‍ പാണ്ഡ്യയും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. പാണ്ഡ്യ പുറത്താകാതെ വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നു.

അന്മോല്‍പ്രീത് സിംഗ്(30), ശുഭ്മാന്‍ ഗില്‍(21) എന്നിവരാണ് റണ്‍സ് കണ്ടെത്തിയ മറ്റു താരങ്ങള്‍. ദക്ഷിണാഫ്രിക്കയ്ക്കായി ജൂനിയര്‍ ഡാല രണ്ട് വിക്കറ്റ് നേടി. 57/3 എന്ന നിലയില്‍ നിന്ന് ഇഷാന്‍ കിഷനും-മനീഷ് പാണ്ടേയും നേടിയ 58 റണ്‍സ് കൂട്ടുകെട്ടാണ് മത്സരത്തില്‍ ഏറെ നിര്‍ണ്ണായകമായത്. ആറാം വിക്കറ്റില്‍ അക്സര്‍ പട്ടേലും ക്രുണാല്‍ പാണ്ഡ്യയും 26 റണ്‍സ് നേടിയെങ്കിലും ജൂനിയര്‍ ഡാല ഒരേ ഓവറില്‍ അക്സറിനെയും ദീപക് ചഹാറിനെയും പുറത്താക്കി ഇന്ത്യന്‍ ക്യാമ്പില്‍ പരിഭ്രാന്തി പരത്തിയെങ്കിലും ഹാര്‍ദ്ദിക് ടീമിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു.