ഖലീല്‍ അഹമ്മദിന്റെ മാന്ത്രിക സ്പെല്‍, ജയം 224 റണ്‍സിനു, തിരുവനന്തപുരം ഏകദിനം നിര്‍ണ്ണായകം

- Advertisement -

മുംബൈ ഏകദിനത്തില്‍ 224 റണ്‍സ് വിജയവുമായി ഇന്ത്യ. 378 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ വിന്‍ഡീസിനെ 36.2 ഓവറില്‍ 153 റണ്‍സിനു ഓള്‍ഔട്ട് ആക്കിയാണ് ഇന്ത്യയുടെ മിന്നും ജയം. ഖലീല്‍ അഹമ്മദിന്റെ മികച്ച സ്പെല്ലിന്റെ ബലത്തിലാണ് വിന്‍ഡീസിന്റെ നടുവൊടിക്കാന്‍ ഇന്ത്യയ്ക്കായത്. 4 ഓവറില്‍ 11 റണ്‍സ് മാത്രം വിട്ടു നല്‍കി ഖലീല്‍ മൂന്ന് വിക്കറ്റാണ് നേടിയത്. മത്സരം അവസാനിക്കുമ്പോള്‍ ഒരു ഓവര്‍ കൂടി എറിഞ്ഞ ഖലീല്‍ 13 റണ്‍സ് മാത്രമാണ് വഴങ്ങിയത്. കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റുമായി ഖലീലിനു മികച്ച പിന്തുണ നല്‍കി.

വിന്‍ഡീസ് നിരയില്‍ ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ മാത്രമാണ് മികവ് പുലര്‍ത്തിയത്. 54 റണ്‍സുമായി ഹോള്‍ഡര്‍ പുറത്താകാതെ നിന്നു. മറ്റാര്‍ക്കും തന്നെ 20നു മുകളില്‍ സ്കോര്‍ കണ്ടെത്താനാകാതെ പോയതും ടീമിനു തിരിച്ചടിയായി. പരമ്പരയില്‍ 2-1നു മുന്നിലെത്തിയെങ്കിലും തിരുവനന്തപുരം ഏകദിനത്തില്‍ വിജയം നേടാനായാല്‍ വിന്‍ഡീസിനു പരമ്പരയില്‍ ഒപ്പമെത്താനാകും. എന്നാല്‍ അതിനവസരം കൊടുക്കാതെ പരമ്പര സ്വന്തമാക്കുക എന്നതാവും ഇന്ത്യയുടെ ലക്ഷ്യം.

Advertisement