ഇന്ത്യ, മെല്‍ബേണില്‍ ഇന്ത്യ മാത്രം

- Advertisement -

മെല്‍ബേണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ പിടി മുറുക്കി ഇന്ത്യ. മൂന്നാം ദിവസം ഇന്ത്യയുടെ ബൗളിംഗിനു മുന്നില്‍ ഓസ്ട്രേലിയ തകര്‍ന്നടിയുന്ന കാഴ്ചയാണ് കണ്ടത്. 443/7 എന്ന സ്കോറിനു ഇന്ത്യ ഡിക്ലയര്‍ ചെയ്ത ശേഷം 8/0 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയയ്ക്ക് മത്സരത്തിന്റെ ഒരു ഘട്ടത്തിലും വ്യക്തമായ പ്രഭാവം സൃഷ്ടിക്കുവാനായിരുന്നില്ല. ഒരു കൂട്ടുകെട്ട് നിലയുറപ്പിക്കുവാന്‍ ശ്രമിക്കുമ്പോള്‍ വിക്കറ്റ് വീഴ്ത്തി ഇന്ത്യന്‍ ബൗളര്‍മാര്‍ തിരിച്ചടിയ്ക്കുന്ന കാഴ്ചയാണ് മെല്‍ബേണില്‍ ഇന്ന് കണ്ടത്. മൂന്നാം ദിവസം ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ ഓസ്ട്രേലിയ 145/7 എന്ന നിലയിലാണ്.

22 റണ്‍സുമായി ടിം പെയിനും 5 റണ്‍സ് നേടി മിച്ചല്‍ സ്റ്റാര്‍ക്കുമാണ് ക്രീസില്‍ നില്‍ക്കുന്നത്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ മറികടക്കുവാന്‍ ഓസ്ട്രേലിയ 298 റണ്‍സ് കൂടി നേടേണ്ടതുണ്ട്. മാര്‍ക്കസ് ഹാരിസ്(22), ഉസ്മാന്‍ ഖ്വാജ(21), ട്രാവിസ് ഹെഡ്(20), ഷോണ്‍ മാര്‍ഷ്(19) എന്നിവര്‍ ക്രീസില്‍ നിലയുറപ്പിച്ചുവെങ്കിലും അധിക നേരം നില്‍ക്കുവാന്‍ സാധിക്കാതെ മടങ്ങുകയായിരുന്നു.

ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ രവീന്ദ്ര ജഡേജ രണ്ടും മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Advertisement