ഖവാജയുടെ ശതകത്തിനു ശേഷം തിരിച്ചടിച്ച് ഇന്ത്യ, ഓസ്ട്രേലിയയെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ച് എട്ടാം വിക്കറ്റ് കൂട്ടുകെട്ട്

നിര്‍ണ്ണായകമായ അഞ്ചാം ഏകദിനത്തില്‍ ഓസ്ട്രേലിയയെ 272 റണ്‍സില്‍ ചെറുത്ത് നിര്‍ത്തി ഇന്ത്യ. ഉസ്മാന്‍ ഖവാജയും പീറ്റര്‍ ഹാന്‍ഡ്സ്കോമ്പും മത്സരം ഇന്ത്യയില്‍ നിന്ന് തട്ടിയെടുക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തില്‍ നിന്ന് ഇന്ത്യ മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവരികയായിരുന്നു. 175/1 എന്ന നിലയില്‍ കുതിയ്ക്കുകയായിരുന്ന ഓസ്ട്രേലിയ നാല് വിക്കറ്റുകള്‍ പൊടുന്നനെ നഷ്ടമായി 210/5 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.  പിന്നീട് 229/7 എന്ന നിലയിലേക്ക് വീണ ഓസ്ട്രേലിയയെ എട്ടാം വിക്കറ്റില്‍ 34 റണ്‍സ് നേടിയ ജൈ റിച്ചാര്‍ഡ്സണ്‍-പാറ്റ് കമ്മിന്‍സ് കൂട്ടുകെട്ടാണ് 272 റണ്‍സിലേക്ക് നയിച്ചത്. ജൈ റിച്ചാര്‍ഡ്സണ്‍ 29 റണ്‍സ് നേടി ഇന്നിംഗ്സിലെ അവസാന പന്തില്‍ റണ്ണൗട്ടായപ്പോള്‍ പാറ്റ് കമ്മിന്‍സ് 15 റണ്‍സ് നേടി.

ആരോണ്‍ ഫിഞ്ചും ഉസ്മാന്‍ ഖവാജയും ഒന്നാം വിക്കറ്റില്‍ 76 റണ്‍സ് നേടിയ ശേഷം രവീന്ദ്ര ജഡേജയാണ് ഫിഞ്ചിനെ(27) പുറത്താക്കിയത്. പിന്നീട് 99 റണ്‍സ് കൂട്ടുകെട്ട് രണ്ടാം വിക്കറ്റില്‍ നേടി മുന്നേറുന്നതിനിടയിലാണ് തന്റെ ശതകം പൂര്‍ത്തിയാക്കിയ ഉടനെ ഖവാജയെ ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കിയത്. തൊട്ടടുത്ത ഓവറില്‍ രവീന്ദ്ര ജഡേജ ഗ്ലെന്‍ മാക്സ്വെലിനെ പുറത്താക്കി. ഏതാനും ഓവറുകള്‍ക്ക് ശേഷം മുഹമ്മദ് ഷമി അര്‍ദ്ധ ശതകം നേടിയ ഹാന്‍ഡ്സ്കോമ്പിനെ വീഴ്ത്തി. 52 റണ്‍സാണ് താരം നേടിയത്.

പിന്നീട് കഴിഞ്ഞ മത്സരത്തിലെ ഹീറോ ആഷ്ടണ്‍ ടര്‍ണര്‍ 20 പന്തില്‍ 20 റണ്‍സ് നേടി വീണ്ടും മത്സരം മാറ്റി മറിയ്ക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തില്‍ താരത്തിന്റെ അന്തകനായി കുല്‍ദീപ് യാദവ് അവതരിക്കുകയായിരുന്നു. ഏറെ വൈകാതെ മാര്‍ക്കസ് സ്റ്റോയിനിസ്(20) ഭുവനേശ്വര്‍ കുമാറിനു ഇരയായി പവലിയനിലേക്ക് മടങ്ങി.

50 ഓവറില്‍ നിന്ന് ഓസ്ട്രേലിയയ്ക്ക് 272/9  എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു. ബുംറയുടെ ഓവറില്‍ നിന്ന് 19 റണ്‍സ് നേടി ജൈ റിച്ചാര്‍ഡ്സണ്‍ – പാറ്റ് കമ്മിന്‍സ് കൂട്ടുകെട്ടാണ് മത്സരത്തില്‍ ഓസ്ട്രേലിയയ്ക്ക് പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത്. 34 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍ മൂന്നും രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.