അഞ്ചാം ടി20യില്‍ സിക്സടി മേളവുമായി ഇന്ത്യന്‍ താരങ്ങള്‍, ഇന്ത്യയ്ക്ക് പടുകൂറ്റന്‍ സ്കോര്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടിനെതിരെ നിര്‍ണ്ണായകമായ അഞ്ചാം ടി20യില്‍ കൂറ്റന്‍ സ്കോര്‍ നേടി ഇന്ത്യ. രോഹിത് ശര്‍മ്മ തുടങ്ങി വെച്ച വെടിക്കെട്ട് ബാറ്റിംഗ് താരം പുറത്തായ ശേഷം സൂര്യകുമാര്‍ യാദവും വിരാട് കോഹ്‍ലിയും മുന്നോട്ട് നയിച്ചപ്പോള്‍ ഇന്ത്യ 20 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സാണ് നേടിയത്. രോഹിത് 34 പന്തില്‍ 64 റണ്‍സ് നേടി പുറത്തായപ്പോള്‍ വിരാട് , സൂര്യകുമാര്‍ യാദവ്, ഹാര്‍ദ്ദിക്ക് എന്നിവര്‍ ഇന്ത്യയെ മുന്നോട്ട് നയിച്ചു.

മത്സരത്തില്‍ ഇന്ത്യ 11 സിക്സുകളാണ് അടിച്ചത്. ഒന്നാം വിക്കറ്റില്‍ രോഹിത് – കോഹ്‍ലി കൂട്ടുകെട്ട് 94 റണ്‍സാണ് നേടിയത്. തുടര്‍ന്ന് സ്റ്റോക്സ് രോഹിത്തിനെ പുറത്താക്കിയെങ്കിലും പകരം എത്തിയ സൂര്യകുമാര്‍ യാദവ് തന്റെ ഫോം രണ്ടാം മത്സരത്തിലും തുടരുന്ന കാഴ്ചയാണ് കണ്ടത്.

രണ്ടാം വിക്കറ്റില്‍ യാദവും കോഹ്‍ലിയും ചേര്‍ന്ന് 49 റണ്‍സാണ് നേടിയത്. 26 പന്തില്‍ നിന്നാണ് ഈ കൂട്ടുകെട്ട് രണ്ടാം വിക്കറ്റില്‍ ഇവര്‍ നേടിയത്. 17 പന്തില്‍ 32 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവിനെ പുറത്താക്കി ആദില്‍ റഷീദ് ആണ് കൂട്ടുകെട്ട് തകര്‍ത്തത്. കോഹ്‍ലി 37 പന്തില്‍ നിന്നാണ് തന്റെ അര്‍ദ്ധ ശതകം തികച്ചത്.

മൂന്നാം വിക്കറ്റില്‍ വിരാട് കോഹ്‍ലിയും ഹാര്‍ദ്ദിക് പാണ്ഡ്യയും അടിച്ച് തകര്‍ത്തപ്പോള്‍ ഇന്ത്യ ഇരുനൂറും കടന്ന് മുന്നേറി. ഇരുവരും ചേര്‍ന്ന് 40 പന്തില്‍ 81 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ നേടിയത്. കോഹ്‍ലി 52 പന്തില്‍ 80 റണ്‍സും ഹാര്‍ദ്ദിക് 17 പന്തില്‍ 39 റണ്‍സും നേടി പുറത്താകാതെ നിന്നു.