രാഹുലിന്റെ അര്‍ദ്ധ ശതകത്തിന് ശേഷം തകര്‍ന്ന ഇന്ത്യയുടെ സ്കോറിന് മാന്യത പകര്‍ന്ന് രവീന്ദ്ര ജഡേജ

ലോകേഷ് രാഹുലിന്റെ മികച്ചൊരു അര്‍ദ്ധ ശതകത്തിന്റെയും രവീന്ദ്ര ജഡേജയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെയും ബലത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെ 161 റണ്‍സ് നേടി ഇന്ത്യ. ടോസ് നേടി ബാറ്റിംഗിന് അയയ്ക്കപ്പെട്ട ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. മൂന്നാം ഓവറില്‍ തന്നെ ശിഖര്‍ ധവാനെ(1) നഷ്ടമായ ഇന്ത്യയ്ക്ക് പവര്‍പ്ലേ അവസാനി‍ച്ച് അധികം വൈകാതെ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയെയും(9) നഷ്ടമായി. 48/2 എന്ന നിലയില്‍ നിന്ന് മികച്ചൊരു മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് രാഹുലും സഞ്ജുവും ചേര്‍ന്ന് നേടിയത്.

Lokeshrahul

15 പന്തില്‍ നിന്ന് 23 റണ്‍സ് നേടിയ സഞ്ജു മികച്ചൊരു ഇന്നിംഗ്സ് പടുത്തുയര്‍ത്തുമെന്ന് തോന്നിപ്പിച്ച ശേഷം മടങ്ങുകയായിരുന്നു. രാഹുലും സഞ്ജുവും ചേര്‍ന്ന് 38 റണ്‍സാണ് കൂട്ടിചേര്‍ത്തത്. അധികം വൈകാതെ മനീഷ് പാണ്ടേയുടെ വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായപ്പോള്‍ ടീം 90/4 എന്ന നിലയില്‍ ആയി.

Sanjusamson

അധികം വൈകാതെ രാഹുലും(51) മടങ്ങിയതോടെ ഇന്ത്യയുടെ കാര്യം പരുങ്ങലിലായി. 86/2 എന്ന നിലയില്‍ നിന്ന് ഇന്ത്യ 92/5 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. 17 പന്തിനിടെ ആറ് റണ്‍സ് നേടുന്നതിനിടെ മൂന്ന് വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

Australia

ഹാര്‍ദ്ദിക് പാണ്ഡ്യ(16) പുറത്തായപ്പോള്‍ 114/6 എന്ന നിലയിലായിരുന്ന ഇന്ത്യയെ രവീന്ദ്ര ജഡേജ ഒറ്റയ്ക്കാണ് കരകയറ്റിയത്. 23 പന്തില്‍ നിന്ന് 44 റണ്‍സ് നേടിയ താരം ഇന്ത്യയുടെ സ്കോര്‍ 161ലേക്ക് എത്തിയ്ക്കുകയായിരുന്നു. ഓസ്ട്രേലിയയ്ക്ക് വേണ്ടി മോയിസസ് ഹെന്‍റിക്സ് മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും വിക്കറ്റ് നേടി.