ഇന്ത്യയ്ക്ക് ഓൾഔട്ട് ബൗളിംഗ് അറ്റാക്ക് ഉപയോഗിക്കാം – സുനിൽ ഗവാസ്കർ

Sports Correspondent

India

ഇന്ത്യയുടെ ബാറ്റിംഗ് ഇപ്പോള്‍ ഏറെ കരുതുറ്റതാണെന്നും ഇന്ത്യയ്ക്ക് അഞ്ച് ബൗളര്‍മാരെ ഉപയോഗിച്ച് ഇനിയുള്ള ടി20 മത്സരങ്ങളിൽ കളിക്കാവുന്നതാണെന്ന് പറഞ്ഞ് സുനിൽ ഗവാസ്കർ.

വിരാട് കോഹ്‍ലി തിരികെ എത്തുമ്പോള്‍ താരത്തെ മൂന്നാം നമ്പറിൽ തന്നെ കളിപ്പിക്കണമെന്നും ശ്രേയസ്സ് അയ്യര്‍ നാലിലും സൂര്യകുമാര്‍ യാദവ് അഞ്ചാം നമ്പറിലും കളിക്കുന്നതാകും നല്ലതെന്നും സുനിൽ ഗവാസ്കര്‍ പറഞ്ഞു.

കോഹ്‍ലിയുടെ അഭാവത്തിൽ മൂന്നാം നമ്പറിൽ ശ്രേയസ്സ് അയ്യരാണ് കളിച്ചത്. താരം മൂന്ന് അര്‍ദ്ധ ശതകങ്ങളാണ് ശ്രീലങ്കയ്ക്കായി നേടിയത്. ഋഷഭ് പന്ത് ആറാം നമ്പറിൽ വരുമ്പോള്‍ ഇന്ത്യന്‍ ബാറ്റിംഗ് കരുതുറ്റതായി മാറുന്നുവെന്നും ഇന്ത്യയ്ക്ക് മത്സരത്തിൽ അഞ്ച് ബൗളര്‍മാരുമായി കളിക്കാവുന്നതേയുള്ളുവെന്നും ഗവാസ്കര്‍ പറ‍ഞ്ഞു.

അവേശ് ഖാന്‍, മുഹമ്മദ് സിറാജ് തുടങ്ങിയ ബൗളര്‍മാരെ അവസാന ഇലവനിൽ ഉള്‍പ്പെടുത്തുവാന്‍ ഇതോടെ ഇന്ത്യയ്ക്ക് സാധിക്കുമെന്നും ഗവാസ്കര്‍ കൂട്ടിചേര്‍ത്തു.